
എഐ ചിപ്പുകളുടെ കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ യുഎസ്
നിര്‍മ്മിത ബുദ്ധി വികസിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ആധുനിക കംപ്യൂട്ടര്‍ ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നത് നിയന്ത്രിക്കുന്നതിന് യുഎസ് ആലോചിക്കുന്നു. ഏതാനും നാളുകള്‍ കൂടി മാത്രം ഭരണം കൈവശമുള്ള ബൈഡന്‍ ഭരണകൂടമാണ് നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. ഈ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഉല്‍പാദകരുടേയും മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങളുമായുള്ള യുഎസിന്റെ ദേശീയ സുരക്ഷ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
എന്നാല്‍, ബൈഡന്‍ ഭരണകൂടം മുന്നോട്ടുവച്ച നിര്‍ദ്ദേശത്തെക്കുറിച്ച് ചിപ്പ് വ്യവസായ രംഗത്തുള്ളവര്‍ ആശങ്ക ഉയര്‍ത്തുന്നു. നിലവില്‍ വീഡിയോ ഗെയിംസിന് ഉപയോഗിക്കുന്ന ചിപ്പുകളിലും 120 രാജ്യങ്ങളിലുള്ള ഡാറ്റാ കേന്ദ്രങ്ങളിലും എഐ ഉല്‍പന്നങ്ങളിലും ഉപയോഗിച്ചിരിക്കുന്ന ചിപ്പുകളിലും നിയന്ത്രണം വരുമെന്ന് അവര്‍ ആശങ്കപ്പെടുന്നു. പോര്‍ച്ചുഗല്‍, ഇസ്രായേല്‍, സ്വിറ്റ്‌സര്‍ലന്റ് പോലുള്ള രാജ്യങ്ങള്‍ക്ക് പരിമിതമായി ഈ ചിപ്പുകള്‍ ഉപയോഗിക്കാനാകും.
എഐയിലും എഐ അധിഷ്ഠിത കംപ്യൂട്ടര്‍ ചിപ്പുകളുടെ വികസനത്തിലും അമേരിക്കയുടെ നേതൃത്വം സംരക്ഷിക്കുന്നതിനാണ് ഈ നിയന്ത്രണമെന്ന് വാണിജ്യ സെക്രട്ടറി ഗിന റെയ്‌മോണ്ടോ പറഞ്ഞു. ശാസ്ത്രീയ ഗവേഷണത്തില്‍ പെട്ടെന്നുള്ള മാറ്റം കൊണ്ടുവരാനും സ്വയം ഡ്രൈവിങ് വികസിപ്പിക്കാനും സമ്പദ് വ്യവസ്ഥകളേയും ആയുധങ്ങളേയും മാറ്റിമറിക്കാനും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യയ്ക്ക് കഴിയും.
എഐ കൂടുതല്‍ ശക്തമാകുന്നതിന് അനുസരിച്ച് യുഎസിന്റെ ദേശീയ സുരക്ഷയും കൂടുതല്‍ അപകടത്തില്‍ ആകുന്നുവെന്ന് റെയ്‌മോണ്ടോ പറഞ്ഞു. ഏറ്റവും ആധുനിക എഐ സാങ്കേതിക വിദ്യയെ സുരക്ഷിതമാക്കുന്നതിനും നമ്മുടെ വിദേശ ശത്രുക്കളുടെ കൈകളില്‍ അത് എത്തിപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഈ പുതിയ ചട്ടത്തിന് സാധിക്കും. എഐയുടെ നേട്ടങ്ങള്‍ സുഹൃദ് രാജ്യങ്ങളുമായി പങ്കുവയ്ക്കാനും സാധിക്കുമെന്ന് ഗിന പറഞ്ഞു.
ഏറ്റവും ആധുനികമായ എഐ സാങ്കേതിക വിദ്യ യുഎസിനുള്ളിലും ഏറ്റവും അടുത്ത സഖ്യ രാജ്യങ്ങളിലും വികസിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ ചട്ടത്തിന് കഴിയുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ ഉപദേശകനായ ജാക്ക് സള്ളിവന്‍ പറയുന്നു.
എന്നാല്‍, ധൃതിയില്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് ആഗോള വിതരണ ശൃംഖലകളെ ബാധിക്കുമെന്നും യുഎസ് കമ്പനികളുടെ താല്‍പര്യത്തിന് വിരുദ്ധമാകുമെന്നും സാങ്കേതിക വിദ്യ രംഗത്തെ പ്രമുഖര്‍ പറയുന്നു.