TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് യുക്രെയ്‌നുള്ള സൈനിക സഹായം പുനരാരംഭിക്കും

12 Mar 2025   |   1 min Read
TMJ News Desk

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് യുക്രെയ്ന്‍ സമ്മതിച്ചതിനെ തുടര്‍ന്ന് സൈനിക സഹായവും ഇന്റലിജന്‍സ് പങ്കുവയ്ക്കുന്നതും പുനരാരംഭിക്കാമെന്ന് യുഎസ് സമ്മതിച്ചു. റഷ്യയുമായി 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് യുഎസ് മുന്നോട്ടുവച്ചിട്ടുള്ളത്.

സൗദി അറേബ്യയിലെ ജിദ്ദയില്‍ എട്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കരാര്‍ റഷ്യയ്ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇനി പന്ത് മോസ്‌കോയുടെ കോര്‍ട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എത്രയും വേഗം റഷ്യക്കാര്‍ കരാറിനോട് സമ്മതം മൂളുമെന്നാണ് പ്രതീക്ഷയെന്നും റൂബിയോ പറഞ്ഞു. അപ്പോള്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയുമെന്നും അതിലാണ് യഥാര്‍ത്ഥ സന്ധി സംഭാഷണം നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് വര്‍ഷം മുമ്പാണ് റഷ്യ യുക്രെയ്‌നില്‍ പൂര്‍ണതോതിലെ അധിനിവേശം ആരംഭിച്ചത്. ഇപ്പോള്‍ യുക്രെയ്‌നിന്റെ അഞ്ചിലൊന്ന് ഭൂപ്രദേശം റഷ്യയുടെ പക്കലാണ്. ഇതില്‍ 2014ല്‍ കൂട്ടിച്ചേര്‍ത്ത ക്രൈമിയയും ഉള്‍പ്പെടുന്നു.

റഷ്യയും യുക്രെയ്‌നുമായി പൂര്‍ണതോതിലുള്ള കരാര്‍ എത്രയും വേഗം നടപ്പിലാക്കാന്‍ വാഷിങ്ടണ്‍ ആരംഭിക്കുന്നുവെന്ന് റൂബിയോ പറഞ്ഞു. ഒരു സമാധന കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു.








#Daily
Leave a comment