TMJ
searchnav-menu
post-thumbnail

TMJ Daily

ഗാസയെ യുഎസ് ഏറ്റെടുക്കും; പലസ്തീനികളെ ഒഴിപ്പിക്കുമെന്ന് ട്രംപ്

05 Feb 2025   |   1 min Read
TMJ News Desk

ഗാസയുടെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്നും ഇവിടെ നിന്നും മുഴുവന്‍ പലസ്തീന്‍ ജനതയേയും ഒഴിപ്പിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍ ഇതുവരെ ഒരു അമേരിക്കന്‍ നേതാവും മുന്നോട്ടുവച്ചിട്ടില്ലാത്ത കടുത്ത ആശയമാണ് ട്രംപ് മുന്നോട്ടുവച്ചത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലാണ് ട്രംപിന്റെ പ്രസ്താവന. ഗാസയില്‍ നിന്നും രണ്ട് മില്ല്യണ്‍ പലസ്തീനികള്‍ ഒഴിഞ്ഞ് ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും മാറണമെന്നും നേരത്തെ ട്രംപ് പറഞ്ഞിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ഗാസ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ യുഎസ് പ്രസിഡന്റ് ട്രംപ് അതേ മനോഭാവത്തോടെയാണ് പലസ്തീന്‍ പ്രശ്‌നത്തെ സമീപിക്കുന്നത്. യുഎസ് ഗാസയെ സ്വന്തമാക്കുമെന്നും തൊഴിലവസരങ്ങളുടേയും ടൂറിസത്തിന്റേയും മെക്കയായി പുനര്‍നിര്‍മ്മിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസയെ കടലിനോട് ചേര്‍ന്ന സുഖവാസ കേന്ദ്രമാക്കുമെന്നും ട്രംപ് പറഞ്ഞു.

ഈ പദ്ധതിയെ മാനുഷിക വശത്തോടും സാമ്പത്തിക വികസനത്തിനുള്ള അവസരമായും ആണ് ട്രംപ് മുന്നോട്ട് വച്ചതെങ്കിലും മദ്ധ്യേഷ്യയില്‍ വളരെയധികം പ്രത്യാഘാതങ്ങളുള്ള ഭൗമരാഷ്ട്രീയ പ്രശ്‌നക്കൊട്ടയാണ് ട്രംപ് തുറക്കുന്നത്. ഇസ്രായേല്‍ രൂപീകരണത്തിനായി പലസ്തീനിന്റെ മാപ്പ് പാശ്ചാത്യ വന്‍ശക്തികള്‍ മാറ്റി വരച്ച കാലഘട്ടത്തേയാണ് ട്രംപിന്റെ നിര്‍ദ്ദേശം ഓര്‍മ്മിക്കുന്നത്. പലസ്തീന്‍ ജനതയുടെ സ്വയംഭരണാവകാശത്തെ മാനിക്കാതെയാണ് അവരെ മാറ്റിപാര്‍പ്പിക്കുന്നത്.





 

#Daily
Leave a comment