
യുഎസ്-യുക്രെയ്ന്‍ ചര്‍ച്ച അടുത്തയാഴ്ച്ച സൗദിയില്‍
യുഎസും യുക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. സൗദി അറേബ്യയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഇത് അര്‍ത്ഥവത്തായ യോഗം ആയിരിക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രത്യാശ പ്രകടിപ്പിച്ചു.
സൗദിയില്‍ സെലന്‍സ്‌കി എത്തുമെങ്കിലും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല. അതിവേഗത്തില്‍, ദീര്‍ഘകാലം നിലനില്‍ക്കുന്ന സമാധാനത്തിനായി കീവ് പരിശ്രമിക്കുകയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിനുവേണ്ടിയുള്ള ഫ്രെയിംവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവൻ വിറ്റ്‌കോഫ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച്ച വൈറ്റ് ഹൗസില്‍ വച്ച് സെലന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരസ്യമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് യുക്രെയ്‌നുള്ള സൈനിക സഹായം യുഎസ് മരവിപ്പിക്കുകയും ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നത് മരവിപ്പിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ് ഖേദിക്കുകയും രാജ്യത്തിന് ഏറ്റവും കൂടുതല്‍ പ്രതിരോധ ആയുധങ്ങള്‍ നല്‍കുന്ന യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്തു.
സെലന്‍സ്‌കി മാപ്പ് പറയുകയും കൃതജ്ഞത രേഖപ്പെടുത്തിയതുമായ കത്ത് വ്യാഴാഴ്ച്ച ട്രംപിന് ലഭിച്ചു. യുക്രെയ്ന്‍കാരുമായുള്ള ബന്ധം തിരികെ ട്രാക്കിലാക്കിയെന്നും എല്ലാം പുനരാരംഭിക്കുമെന്നും വിറ്റ്‌ക്കോഫ് പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി വിട്ടുവീഴ്ച്ചകള്‍ നടത്താന്‍ യുഎസ് സെലന്‍സ്‌കിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതേസമയം, യുക്രെയ്‌നിന് ശക്തമായ സുരക്ഷാ ഉറപ്പ് ലഭിക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെടുകയും ചെയ്തു.
2022 ഫെബ്രുവരിയില്‍ അധിനിവേശം ആരംഭിച്ച റഷ്യ നിലവില്‍ യുക്രെയ്‌നിന്റെ ഭൂപ്രദേശത്തിന്റെ 20 ശതമാനം കൈവശം വയ്ക്കുന്നു.