
അമേരിക്ക, യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മിക്ക ഉൽപ്പന്നങ്ങൾക്കും 15% ഇറക്കുമതി തീരുവ ചുമത്തുന്ന വ്യാപാരക്കരാറിന് അമേരിക്കയും, യൂറോപ്യൻ യൂണിയനും ധാരണയിൽ എത്തി. ഇതോടെ ആഗോള വ്യാപാരത്തിൻ്റെ മൂന്നിലൊന്ന് വരുന്ന അമേരിക്കൻ-ഇ യു കക്ഷികൾ തമ്മിലുള്ള ഒരു വലിയ വ്യാപാര യുദ്ധം ഒഴിവായതായി കണക്കാക്കപ്പെടുന്നു. ഞായറാഴ്ച യുഎസ്, യൂറോപ്യൻ യൂണിയനുമായി ഒരു ചട്ടക്കൂട് വ്യാപാര കരാറിൽ ഒപ്പുവച്ചു.
മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും കരാർ പ്രഖ്യാപിച്ചു. പടിഞ്ഞാറൻ സ്കോട്ട്ലൻഡിലെ ട്രംപിൻ്റെ ആഡംബര ഗോൾഫ് കോഴ്‌സിൽ ഒരു മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിന്നു കരാർ പ്രഖ്യാപനം.
"ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഇടപാടാണിതെന്ന് ഞാൻ കരുതുന്നു," ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കയിൽ ഏകദേശം 600 ബില്യൺ ഡോളർ നിക്ഷേപിക്കാനും, അമേരിക്കൻ ഊർജ്ജ- സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിൽ ഗണ്യമായ വർദ്ധന വരുത്താനുമുള്ള യൂറോപ്യൻ യൂണിയൻ പദ്ധതികളെ അദ്ദേഹം പ്രശംസിച്ചു.
കഴിഞ്ഞയാഴ്ച ജപ്പാനുമായി ഒപ്പുവച്ച 550 ബില്യൺ ഡോളറിൻ്റെ കരാറിനെക്കാൾ കേമമായ ഈ കരാർ, ട്രാൻസ്-അറ്റ്ലാന്റിക് ശക്തികൾ തമ്മിലുള്ള ബന്ധം വികസിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു.
ട്രംപിനെ ഒരു കടുത്ത ചർച്ചക്കാരനെന്ന് വിശേഷിപ്പിച്ച വോൺ ഡെർ ലെയ്ൻ, 15% താരിഫ് "ബോർഡിലുടനീളം" പ്രയോഗിച്ചതായി അറിയിച്ചു. അത് "നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ചത്" ആണെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ ഒരു വ്യാപാര കരാർ വലിയ കാര്യമാണ്. ഇത് ഒരു വലിയ ഇടപാടാണ്. ഇത് സ്ഥിരത കൊണ്ടുവരും," അവർ പറഞ്ഞു.
ജപ്പാനുമായി അമേരിക്ക ഉണ്ടാക്കിയ ചട്ടക്കൂട് കരാറിൻ്റെ പ്രധാന ഭാഗങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ കരാർ നിരവധി ചോദ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.
വരും വർഷങ്ങളിൽ 750 ബില്യൺ ഡോളറിൻ്റെ അമേരിക്കൻ ഊർജ്ജ ഉപകരണങ്ങളും, "നൂറുകണക്കിന് ബില്യൺ ഡോളറിന്റെൻ്റെ" ആയുധങ്ങൾ വാങ്ങുമെന്ന് ട്രംപ് പറഞ്ഞ കരാർ, എയർബസ് ഉൾപ്പെടെയുള്ള നിരവധി യൂറോപ്യൻ യൂണിയൻ കമ്പനികൾക്ക് സന്തോഷവാർത്ത നൽകുന്നു. മെഴ്‌സിഡസ്-ബെൻസ്, നോവോ നോർഡിസ്ക് എന്നിവക്കും നല്ല വാർത്തയാണ്.
ജർമ്മനിയുടെ ചാൻസലർ ഫ്രെഡറിക് മെർസ് കരാറിനെ സ്വാഗതം ചെയ്തു, ജർമ്മനിയുടെ കയറ്റുമതിയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയെയും , ഓട്ടോമൊബൈൽ മേഖലയെയും സാരമായി ബാധിക്കുമായിരുന്ന ഒരു വ്യാപാര സംഘർഷം ഇത് ഒഴിവാക്കിയെന്ന് പറഞ്ഞു. ഇപ്പോൾ നിലവിലുള്ള, കാറുകളുടെയും, പാർട്‌സ് ഇറക്കുമതിയുടെയും 27.5% അമേരിക്കൻ താരിഫ് ഏറ്റവും കൂടുതൽ ബാധിച്ചത് ജർമ്മൻ കാർ നിർമ്മാതാക്കളായ വി ഡബ്ല്യു, മെഴ്‌സിഡസ്, ബിഎംഡബ്ലിയു എന്നിവയെയാണ്.


