TMJ
searchnav-menu
post-thumbnail

TMJ Daily

ഗ്യാസ് സ്റ്റൗവ് ഉപയോഗം; യൂറോപ്പിൽ പ്രതിവർഷം 40,000 പേർ വാതകം ശ്വസിച്ച് മരണപ്പെടുന്നു 

30 Oct 2024   |   2 min Read
TMJ News Desk

ഹൃദയം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന ദോഷകരമായ വാതകങ്ങൾ ഗ്യാസ് സ്റ്റൗവുകൾ പുറപ്പെടുവിക്കുന്നതായി പഠനം. യൂറോപ്പിലും യുകെയിലും നടത്തിയ പഠനത്തിലാണ് ഇങ്ങനെയുള്ള വാതകങ്ങൾ ശ്വസിച്ച് ആളുകൾ രോഗബാധിതരായി മരണം സംഭവിക്കുന്നുവെന്ന് കണ്ടെത്തിയത്. ഈ രാജ്യങ്ങളിലെ വാഹനാപകടങ്ങളിലെ മരണസംഖ്യയുടെ ഇരട്ടിയാണ് ഇങ്ങനെ സംഭവിക്കുന്ന മരണം.

ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കുന്നത് ഒരാളുടെ ജീവിതത്തിലെ ഏകദേശം രണ്ട് വർഷം കുറക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗ്യാസ് കുക്കറുകളുടെ ഉപയോഗം മൂലം യൂറോപ്പിൽ ഓരോ വർഷവും 36,031 മരണകളും, യുകെയിൽ 3,928 മരണങ്ങളുമാണ് സംഭവിച്ചതെന്ന് ഗവേഷകർ പറഞ്ഞു. ഗവേഷകർ നടത്തിയ പഠനത്തിൽ നൈട്രജൻ ഡയോക്‌സൈഡ് (NO 2 ) വാതകവുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ മാത്രമാണ് പരിഗണിച്ചത്. കാർബൺ മോണോക്‌സൈഡ്, ബെൻസീൻ എന്നിവ പോലുള്ള മറ്റ് വാതകങ്ങളുടെ അപകട സാധ്യത പരിഗണിച്ചിട്ടില്ലെന്നും ഗവേഷകർ പറയുന്നു.

യൂറോപ്പിലെ മൂന്നിലൊന്ന് വീടുകളിലും ഗ്യാസ് ഉപയോഗമുണ്ട്. ഇറ്റലി, നെതർലാൻഡ്‌സ്, റൊമാനിയ, ഹംഗറി സ്ഥലങ്ങളിൽ 60 ശതമാനം വരുന്ന കുടുംബങ്ങളിൽ ഗ്യാസ് ഉപയോഗം വർധിച്ചിട്ടുണ്ട്. യുകെയിൽ 54 ശതമാനവും.

ഇതിനോട് സമാനമാണ്, യുഎസിൽ നടത്തിയ പഠനത്തിലെ കണ്ടെത്തലും. യുഎസിൽ ഗ്യാസും പ്രൊപ്പെയ്ൻ സ്റ്റൗവും ഓരോ വർഷവും 19,000 മുതിർന്നവരുടെ മരണത്തിന് കാരണമാകുന്നതായി ആ പഠനം പറയുന്നു. യൂറോപ്യൻ യൂണിയൻ ഈ മാസം അന്തരീക്ഷ വായു നിലവാരത്തിന്റെ നിയമങ്ങൾ കർശനമാക്കിയിരുന്നു. എന്നാൽ വീടുകൾക്ക് ഉള്ളിലെ വായു നിലവാരത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നില്ല.

നിലവിലെ അപകട സാഹചര്യത്തിൽ, ഗ്യാസ് കുക്കറുകൾ ഘട്ടംഘട്ടമായി നിർത്തലാക്കണമെന്ന് യൂറോപ്യൻ പബ്ലിക് ഹെൽത്ത് അലയൻസ് (ഇപിഎച്ച്എ),  നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. അതുകൂടാതെ ക്ലീനർ കുക്കറുകളിലേക്ക് മാറാൻ സഹായിക്കുന്നതിന് പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്റ്റൗവുകളുടെ മലിനീകരണം കാരണം സംഭവിക്കുന്ന, അപകട സാധ്യതകളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ അതിൽ തന്നെ നൽകുവാൻ നിർമ്മാതാക്കളോട് ഇപിഎച്ച്എ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്നത്തിന്റെ തീവ്രത നമ്മൾ വിചാരിച്ചതിലും വളരെ ഗുരുതരമാണെന്ന്  സ്‌പെയിനിലെ ജൗം ഐ (Jaume I University) യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ആരോഗ്യ ഗവേഷണ ലാബിലെ മുഖ്യഗവേഷകയായ  ജുവാന മരിയ ഡെൽഗാഡോ-സബോറിറ്റ് പറഞ്ഞു. 1978-ൽ, ഗ്യാസ് ഉപയോഗിക്കുന്ന അടുക്കളകളിൽ എൻഒ2 ( NO 2) മലിനീകരണം ഇലക്ട്രിക് കുക്കറുകളേക്കാൾ പലമടങ്ങ് കൂടുതലാണെന്ന് ഞങ്ങൾ ആദ്യം മനസ്സിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ മാത്രമേ മരണസംഖ്യ കണക്കാക്കാൻ സാധ്യയുള്ളൂവെന്ന് അവർ പറഞ്ഞു.

ഗ്യാസ് കുക്കറുകളുടെ അപകടങ്ങളെ തള്ളിക്കളയുന്നത് വളരെക്കാലമായി നടക്കുന്നതാണ്. സിഗരറ്റ് പോലെ, ആളുകൾ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. കൂടാതെ, സിഗരറ്റ് പോലെ ഗ്യാസ് കുക്കറുകളും നമ്മുടെ വീടിനെ മലിനീകരണം കൊണ്ട് നിറയ്ക്കുന്ന ഒരു ചെറിയ തീയാണ്. ഇപിഎച്എയിൽ നിന്നുള്ള സാറ ബെർട്ടൂച്ചി പറഞ്ഞു. 

പാചകം ചെയ്യുമ്പോൾ ജനാലകൾ തുറന്ന് എക്‌സ്‌ട്രാക്‌റ്റർ ഫാനുകൾ ഓണാക്കുന്നതിലൂടെ ആളുകൾക്ക് പാചകം ചെയ്യുമ്പോൾ പുകയിൽ നിന്ന് ഭാഗികമായി സ്വയം രക്ഷിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.


#Daily
Leave a comment