BABA RAMDEV | PHOTO: WIKI COMMONS
പതിനാല് പതഞ്ജലി ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഖണ്ഡ് അതോറിറ്റി
പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് റൂള്‍സ് പ്രകാരമാണ് സ്റ്റേറ്റ് ലൈസന്‍സ് അതോറിറ്റി (എസ്എല്‍എ) നടപടിയെടുത്തിരിക്കുന്നത്. പതഞ്ജലിയുടെ അനുബന്ധ സ്ഥാപനമായ ദിവ്യ ഫാര്‍മസിക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നടപടിയെക്കുറിച്ച് എസ്എല്‍എ വ്യക്തമാക്കുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പതഞ്ജലി നിയമനടപടികള്‍ നേരിടുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. പതഞ്ജലി ആയുര്‍വേദിനെതിരെയും അതിന്റെ സ്ഥാപകരായ ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവര്‍ക്കെതിരെയും ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമ ലംഘന പ്രകാരം ക്രിമിനല്‍ പരാതി നല്‍കിയതായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി അറിയിച്ചു. ഹരിദ്വാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെയാണ് ക്രിമിനല്‍ പരാതി നല്‍കിയിരിക്കുന്നത്.
നിയമവിരുദ്ധമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് പിഴയോ തടവോ അല്ലെങ്കില്‍ രണ്ടും ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളോ നേരിടേണ്ടിവരുമെന്ന് സ്‌റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി ഒരു പൊതു അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ദിവ്യ ഫാര്‍മസിക്കും പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിനുമെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുടര്‍ നടപടികള്‍ തുടരുമെന്നും എസ്എല്‍എ അറിയിച്ചു.
രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയ കേസില്‍ പതഞ്ജലി ആയുര്‍വേദ് സഹസ്ഥാപകന്‍ ബാബ രാംദേവ് ഏപ്രില്‍ 2 ന് സുപ്രീംകോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ബാബ രാംദേവും കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും സമര്‍പ്പിച്ച മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പതഞ്ജലി നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ കഴിഞ്ഞ വാദത്തില്‍ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ഉപാധികളില്ലാത്ത മാപ്പപേക്ഷ ഇരുവരും കോടതിയില്‍ സമര്‍പ്പിച്ചു. പിന്നീട് ഏപ്രില്‍ 2 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇരുവരും കോടതിയില്‍ ഹാജരാകണമെന്ന് ജഡ്ജിമാരായ ഹിമ കോലി, എ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
ഫെബ്രുവരി 27 നാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്ന കമ്പനിയുടെ എല്ലാ ഇലക്ട്രോണിക്, പ്രിന്റ് പരസ്യങ്ങളും നിര്‍ത്തലാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പതഞ്ജലി ആയുര്‍വേദിന്റെ പരസ്യങ്ങള്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതായി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ( ഐഎംഎ ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഹര്‍ജി കോടതിയിലെത്തുന്നത്.
അലോപ്പതിയെയും ഡോക്ടര്‍മാരെയും മോശമായി ചിത്രീകരിക്കുന്ന നിരവധി പരസ്യങ്ങള്‍ പതഞ്ജലി ചിത്രീകരിച്ചതായി ഐഎംഎ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ആധുനിക മരുന്നുകള്‍ കഴിച്ച് മെഡിക്കല്‍ രംഗത്ത് തന്നെയുള്ളവര്‍ മരിക്കുന്നുവെന്ന വ്യാജ പ്രചരണങ്ങള്‍ പതഞ്ജലി നടത്തുന്നതായും ഐഎംഎ യുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.