
ഉത്തരാഖണ്ഡ് ഹിമപാതം: കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു
ഉത്തരഖണ്ഡിലെ ചമോലി ജില്ലയിലെ മന ഗ്രാമത്തില്‍ ബിആര്‍ഒ ക്യാമ്പിനുമേല്‍ മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാല് തൊഴിലാളികളെയാണ് ഇനി കണ്ടെത്താനുള്ളത്. തിരച്ചിലിനായി നായകളേയും ഹെലികോപ്റ്ററുകളേയും ഉപയോഗിക്കുന്നുണ്ട്.
കാലാവസ്ഥ മെച്ചപ്പെടുകയും ഭൂമിക്കടിയിലെ വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനവും എത്തുന്നതോടെ തിരച്ചില്‍ കൂടുതല്‍ ശക്തമാകുമെന്ന് ചമോജില ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് തിവാരി പറഞ്ഞു.
റഡാര്‍ എത്തിക്കുന്നതിനായി ഒരു എംഐ-17 ഹെലികോപ്റ്റര്‍ ഡെറാഡൂണില്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും തിവാരി പറഞ്ഞു.
വെള്ളിയാഴ്ച്ചയാണ് അപകടം ഉണ്ടായത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ ക്യാമ്പില്‍ 54 തൊഴിലാളികള്‍ എട്ട് കണ്ടെയ്‌നറുകളിലും ഒരു ഷെഡിലും ആണ് ഉണ്ടായിരുന്നത്. നേരത്തെ 55 പേര്‍ കുടുങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹിമാചല്‍പ്രദേശുകാരനായ തൊഴിലാളി അവധി റിപ്പോര്‍ട്ട് ചെയ്യാതെ നാട്ടിലേക്ക് പോയിരുന്നു. ഇയാള്‍ സുരക്ഷിതമായി വീട്ടിലെത്തിയതായി കണ്ടെത്തി.
വെള്ളിയാഴ്ച്ച 50 തൊഴിലാളികളെ മഞ്ഞിനടിയില്‍ നിന്നും പുറത്തെടുത്തിരുന്നു. ഇതില്‍ ഒരാള്‍ മരിച്ചിരുന്നു.
കാണാതായ തൊഴിലാളികളെ കണ്ടെത്തുകയും സ്ഥലത്തുള്ള തൊഴിലാളികളെ ഒഴിപ്പിക്കുകയുമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തിവാരി പറഞ്ഞു.
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങള്‍ സ്‌നിഫര്‍ ഡോഗുമായി സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ത്യ, ടിബറ്റ് അതിര്‍ത്തിയിലെ ഏറ്റവും അവസാനത്തെ ഗ്രാമമാണ് മന.


