പുഷ്‌കര്‍ സിങ് ധാമി | PHOTO: PTI
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍; ബില്‍ അടുത്തയാഴ്ച
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങുന്നു. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശീയ അധ്യക്ഷയായ സമിതി രണ്ടുദിവസത്തിനകം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.
ദീപാവലിക്കുശേഷം ചേരുന്ന ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ പാസാക്കും. അതേസമയം, 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പായി ഗുജറാത്തിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത് മാറും.
ബഹുഭാര്യത്വം നിരോധിക്കും
ഉത്തരാഖണ്ഡിനായുള്ള ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കല്‍ പൂര്‍ത്തിയായതായും ഉടന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഇക്കഴിഞ്ഞ ജൂണില്‍ രഞ്ജന പ്രകാശ് ദേശായി പറഞ്ഞിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും ഡ്രാഫ്റ്റും ഉത്തരാഖണ്ഡ് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കരട് ബില്ലില്‍ ബഹുഭാര്യത്വം സമ്പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതായും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് മുന്നോട്ടുകൊണ്ടുപോകാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള വ്യവസ്ഥയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള രണ്ടുലക്ഷത്തോളം ആളുകളുമായി സംസാരിച്ച ശേഷമാണ് കരട് രൂപരേഖ തയ്യാറാക്കിയതെന്നും കമ്മിറ്റി പറയുന്നു. ഇന്ത്യയിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയടക്കമുള്ള വ്യക്തിപരമായ കാര്യങ്ങളെല്ലാം നിര്‍ബന്ധമാക്കുകയും, മതത്തെ ഇതില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. മതപരമായ നിയമമല്ല രാജ്യനിയമമാണ് വേണ്ടതെന്നും ഇതിലൂടെ സര്‍ക്കാര്‍ പറയുന്നു.
ഏകീകൃത സിവില്‍ കോഡ്
മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരംതിരിവില്ലാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ നിയമം.
ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍, നിര്‍ദേശക തത്ത്വങ്ങളില്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം എന്നു പറയുന്നുണ്ട്. ഭരണനിര്‍വഹണത്തിലും നിയമനിര്‍മാണത്തിലും ഭരണകൂടങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളാണ് നിര്‍ദേശക തത്ത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിവില്‍ കോഡ് സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ ഭരണഘടനാ രൂപീകരണ സമയത്ത് ഉണ്ടായിട്ടുണ്ട്. സിവില്‍ കോഡ് മൗലിക അവകാശമാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. നിര്‍ദേശക തത്ത്വങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ഉള്ള ഉപസമിതിയുടെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. എന്നാല്‍ സമൂഹത്തില്‍ നിലനിന്നിരുന്ന സതി, ദേവദാസി, മുത്തലാഖ്, ശൈശവ വിവാഹം എന്നീ മതപരമായ ദുരാചാരങ്ങളെ അടിച്ചമര്‍ത്തുന്നതിനുവേണ്ടി ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണമെന്ന ആവശ്യവും അന്ന് ഉയര്‍ന്നിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയ ഏക കേന്ദ്രഭരണപ്രദേശമാണ് ഗോവ.