TMJ
searchnav-menu
post-thumbnail

TMJ Daily

ഉത്തരാഖണ്ഡില്‍ തുരങ്കം ഇടിഞ്ഞുണ്ടായ അപകടം; കുടുങ്ങിക്കിടക്കുന്നവര്‍ സുരക്ഷിതര്‍

13 Nov 2023   |   1 min Read
TMJ News Desk

ത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം ഇടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങിയവര്‍ സുരക്ഷിതരെന്ന് അധികൃതര്‍. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയ വിനിമയം നടത്തിയെന്നും ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കിയെന്നും ഉത്തരകാശി സര്‍ക്കിള്‍ ഓഫീസര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. 

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

ഞായറാഴ്ച പുലര്‍ച്ചെയാണ് നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം ഭാഗീകമായി തകര്‍ന്നത്. നാലര കിലോമീറ്റര്‍ തുരങ്കത്തില്‍ കോണ്‍ഗ്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണ് പുറത്തേക്കുള്ള വഴി അടയുകയായിരുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ സ്ലാബുകള്‍ നീക്കം ചെയ്യേണ്ടതുണ്ട്. നിലവില്‍ 20 മീറ്റര്‍ നീക്കം ചെയ്തിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ 35 മീറ്റര്‍ കൂടി മാറ്റണം എന്നും രക്ഷാ സംഘം വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്. ഉത്തരകാശിയിലെ ദണ്ഡല്‍ ഗാവില്‍ നിന്ന് സില്‍ക്യാരയെ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ചാര്‍ധാം റോഡു പദ്ധതിക്കു കീഴിലാണ് നിര്‍മ്മാണം. എല്ലാവരുടെയും സുരക്ഷിതമായ തിരിച്ചുവരവിന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചിരുന്നു.


#Daily
Leave a comment