PHOTO: PTI
ഉത്തരകാശി തുരങ്ക അപകടം: രക്ഷാപ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തി; തൊഴിലാളികളുടെ ആരോഗ്യസ്ഥിതി ആശങ്കയില്‍
ഉത്തരകാശിയില്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും തടസ്സപ്പെട്ടു. തുരങ്കത്തിലെ ലോഹഭാഗത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഇടിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തിവച്ചത്. ഇത് ഏഴാം ദിവസമാണ് തൊഴിലാളികള്‍ തുരങ്കത്തില്‍ അകപ്പെട്ടു കിടക്കുന്നത്. 40 തൊഴിലാളികളാണ് നവംബര്‍ 12 മുതല്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.
അഞ്ചാമത്തെ ട്യൂബ് തുരങ്കത്തിനുള്ളിലേക്ക് കടത്തുന്നതിനിടെയാണ് മെഷീനിലേക്ക് ലോഹഭാഗങ്ങള്‍ ഇടിച്ചത്. നേരത്തെയും സമാനരീതി ഉണ്ടായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം രണ്ടുദിവസം കൂടി നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. അപകടസാധ്യതയേറിയതും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നതുമായ കുത്തനെയുള്ള മലയോര മേഖലയാണ് ഇവിടെയുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.
ആശങ്കയുടെ നിമിഷം
തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ പാത ഒരുക്കുന്നതിന് 60 മീറ്റര്‍ വരെ തുരക്കേണ്ടതുണ്ട്. യുഎസ് നിര്‍മിത കൂറ്റന്‍ യന്ത്രങ്ങളുപയോഗിച്ച് തുരങ്കത്തിനകം ഇതുവരെ അഞ്ചുമീറ്റര്‍ ഡ്രില്ല് ചെയ്തു കഴിഞ്ഞു. ഇനിയും 45 മീറ്ററോളം ഡ്രില്ല് ചെയ്യാനുണ്ട്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി മറ്റൊരു ഡ്രില്ലിങ് മെഷീന്‍ ശനിയാഴ്ച ഇന്‍ഡോറില്‍ നിന്നും വിമാനമാര്‍ഗം എത്തുമെന്നാണ് പ്രതീക്ഷ. 900 മില്ലിമീറ്റര്‍ വ്യാസവും ആറുമീറ്റര്‍ നീളവുമുള്ള 10 ഇഞ്ച് പൈപ്പുകള്‍ കടത്തിയാണ് രക്ഷാപാത ഒരുക്കുന്നത്. ഈ പൈപ്പുകളിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കുകയാണ് ലക്ഷ്യം.
തുരങ്കത്തിനുള്ളില്‍ അകപ്പെട്ടവര്‍ക്കായി ട്യൂബ് വഴി ഭക്ഷണവും വെള്ളവും ഓക്‌സിജനും മരുന്നുകളും എത്തിക്കുന്നുണ്ടെങ്കിലും അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയാണ്. തൊഴിലാളികളില്‍ ചിലര്‍ക്ക് പനി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. അപകടത്തില്‍പ്പെട്ട 40 തൊഴിലാളികളില്‍ 15 പേര്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ളവരും എട്ടുപേര്‍ ഉത്തര്‍പ്രദേശ്, അഞ്ചുപേര്‍ ഒഡീഷ, നാലുപേര്‍ ബിഹാര്‍, മൂന്നുപേര്‍ പശ്ചിമബംഗാള്‍, ഒരാള്‍ ഹിമാചല്‍ പ്രദേശ്, രണ്ടുപേര്‍ വീതം അസം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണെന്ന് എന്‍എച്ച്‌ഐഡിസിഎല്‍ അധികൃതര്‍ അറിയിച്ചു.
26 കിലോമീറ്റര്‍ കുറയും
ബ്രഹ്‌മഖ-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ചാര്‍ധാം റോഡുവികസനവുമായി ബന്ധപ്പെട്ടാണ് 4,531 മീറ്റര്‍ നീളമുള്ള തുരങ്കപാതയുടെ നിര്‍മാണം നടക്കുന്നത്. പാത യാഥാര്‍ത്ഥ്യമായാല്‍ ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം 26 കിലോമീറ്റര്‍ കുറയും. ചാര്‍ധാം തീര്‍ത്ഥാടകരുടെ സുഗമമായ യാത്രയ്ക്കു വേണ്ടിയാണ് പാത നിര്‍മിക്കുന്നത്. നിലവിലെ റോഡ് വീതികൂടുമ്പോള്‍ പ്രദേശത്തെ സസ്യസമ്പത്തിനെ വലിയ തോതില്‍ നശിപ്പിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു തുരങ്കപാത നിര്‍മിക്കാന്‍ ധാരണയായത്.
853.79 കോടി രൂപ മുതല്‍ മുടക്കി നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (എന്‍എച്ച്‌ഐഡിസിഎല്‍) നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ് പാത നിര്‍മിക്കുന്നത്. തുരങ്കപാതയ്ക്കു സമീപത്ത് മണ്ണിടിഞ്ഞതാണ് തുരങ്കം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.