
ഓഫീസിൽ കെജ്‌രിവാളിനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര; മുഖ്യമന്ത്രിയായി ചുമതലയേറ്റ് അതിഷി
ഡെല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ് അതിഷി മര്‍ലേന. അരവിന്ദ് കെജ്‌രിവാള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് അതിഷി മുഖ്യമന്ത്രിയായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ നാല് മാസത്തേക്കാണ് അതിഷി പദവിയിലുണ്ടാകുന്നത്. വിദ്യാഭ്യാസം, ധനം, പൊതുമരാമത്ത് ഉള്‍പ്പെടെ 13 വകുപ്പുകളാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ളത്. മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അതിഷി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ചുമതലയേറ്റശേഷം ഒഴിഞ്ഞ കസേര മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്റെ സീറ്റിന് അടുത്തായി ഇട്ട, അതിഷി കേജ്‌രിവാളിന്റെ അടയാളമായാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞു. നാലു മാസത്തിനുശേഷം ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന വിശ്വാസമുണ്ടെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.
മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ രാജി പ്രഖ്യാപനത്തിനു പിന്നാലെ ഈ മാസം 17നാണ് അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് നടന്ന ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയായി അതിഷിയുടെ പേര് കെജ്‌രിവാള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
മദ്യനയക്കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു കെജ്‌രിവാള്‍. അഴിമതിക്കാരനെന്ന ആരോപണം ബിജെപി തിരഞ്ഞെടുപ്പു വിഷയമാക്കുന്നതിനെ പരമാവധി പ്രതിരോധിക്കാമെന്ന് പ്രതീക്ഷിക്കുന്നെന്നും ജനങ്ങളുടെ കോടതിയില്‍ സത്യസന്ധത തെളിയിക്കാതെ ഇനി മുഖ്യമന്ത്രിപദത്തിലേക്കില്ലെന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു.