TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

വൈഗ കൊലക്കേസ്: അച്ഛന്‍ സനു മോഹന് ജീവപര്യന്തം 

27 Dec 2023   |   2 min Read
TMJ News Desk

ത്തുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അച്ഛന്‍ സനു മോഹന് ജീവപര്യന്തം തടവുശിക്ഷ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയാണ് മകളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. 

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷയ്ക്കു പുറമെ ഐപിസി 328 പ്രകാരം 10 വര്‍ഷം തടവും 25,000 രൂപ പിഴയും, ഐപിസി 201 പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, 75 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 10 വര്‍ഷം തടവും 25,000 രൂപ പിഴയും, 77 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും ആണ് വിധിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിലായി 28 വര്‍ഷം തടവുശിക്ഷ അനുഭവിച്ചശേഷം ജീവപര്യന്തവും അനുഭവിക്കണം. 1200 പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. 

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. 70 വയസ്സുള്ള അമ്മയെ നോക്കാന്‍ ആളില്ലെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി ആവശ്യപ്പെട്ടെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. 

2021 മാര്‍ച്ച് 21 ന് കാക്കനാട് കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സനുവിനെയും മകള്‍ വൈഗയേയും കാണാതാവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്‍ഫോപാര്‍ക്കിനു സമീപത്തെ മുട്ടാര്‍ പുഴയില്‍ നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മകള്‍ക്കൊപ്പം കാണാതായ സനുവിനെ ഒരു മാസത്തിനുശേഷം കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. 

മകളെ ഇല്ലാതാക്കുകയായിരുന്നു സനുവിന്റെ ലക്ഷ്യം. കായംകുളത്തെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു സനു മോഹന്‍ മകളുമായി യാത്ര തിരിച്ചത്. കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ വച്ചുതന്നെ സനു മോഹന്‍ മകള്‍ക്ക് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി കഴുത്തില്‍ ബെഡ് ഷീറ്റ് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കൊലപാതകത്തിനുശേഷം മകളുടെ ആഭരണങ്ങളുമായി കോയമ്പത്തൂരിലേക്ക് കടന്ന പ്രതി വിദേശത്തേക്ക് പോകാന്‍ ലക്ഷ്യമിടുകയായിരുന്നു. ബംഗലൂരു, മുംബൈ, ഗോവ, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സനുമോഹനെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.


#Daily
Leave a comment