TMJ
searchnav-menu
post-thumbnail

Photo: PTI

TMJ Daily

വന്ദേഭാരത് ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിച്ചു

25 Apr 2023   |   2 min Read
TMJ News Desk

പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ട്രെയിൻ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ക്ഷണിക്കപ്പെട്ട യാത്രക്കാരെയാണ് ട്രെയിനിൽ പ്രവേശിപ്പിച്ചിരുന്നത്. ജല മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് എന്നീ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചു. റോഡ് മാർഗം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് എത്തിയ മോദിയുടെ വാഹനം വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് കടന്നുപോയത്. സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവരാണ് നരേന്ദ്രമോദിയെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. രാജ്യത്തെ പതിനാലാമത്തെ വന്ദേഭാരത്, ഉദ്ഘാടന യാത്രയിൽ 14 സ്റ്റേഷനുകളിലായി നിർത്തും. ട്രെയിനിലെ  C1,C2 കോച്ചുകളിൽ കയറിയ പ്രധാനമന്ത്രി കുട്ടികളുമായി സംവദിച്ചു. 

വന്ദേഭാരത് ഉദ്ഘാടനം നിർവഹിച്ച ശേഷം നരേന്ദ്രമോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര സർക്കാർ കേരളത്തിൽ പൂർത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കുകയും  കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിച്ച് ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. വന്ദേഭാരതിനു പുറമെ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. കൊച്ചുവേളി-തിരുവനന്തപുരം-നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയിൽവേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെർമിനൽ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം-ഷൊർണൂർ സെക്ഷനിലെ ട്രെയിൻ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. കൂടാതെ നവീകരിച്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനും ദിണ്ടിഗൽ-പളനി-പൊള്ളാച്ചി വൈദ്യുതീകരിച്ച റെയിൽപാതയും പ്രധാനമന്ത്രി നാടിനു കൈമാറി.

റെയിൽവേ വികസനത്തിൽ കേരളം ഏറെ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉദ്ഘാടന ചടങ്ങിൽ റെയിൽവേ മന്ത്രി പറഞ്ഞു. കൂടാതെ രാജ്യത്തിനും കേരളത്തിനും വേണ്ടി പ്രധാനമന്ത്രി നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ വിവരിക്കുന്നതിനോടൊപ്പം കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റേയും ഡിജിറ്റൽ സാങ്കേതികതയുടേയും ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളികൾ ബുദ്ധിശാലികളും കഠിനാധ്വാനികളുമാണെന്നും, ഇന്ത്യയുടെ വികസന സാധ്യതകൾ ലോകം ആകെ അംഗീകരിച്ചു കഴിഞ്ഞു ഇതിനു കാരണം കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങളാണെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്, കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ്  കൊച്ചിയിലെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽ നിന്നു കൊച്ചി വെല്ലിങ്ങ്ടൺ ഐലന്റിലെ നാവികസേനാ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. തേവര ജംഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളേജ് മൈതാനം വരെ 1.8 കിലോമീറ്റർ മെഗാ റോഡ് ഷോ നടത്തി. പ്രധാനമന്ത്രിയുടെ സന്ദർശനം ബിജെപി പ്രവർത്തകർ അടക്കമുള്ളവരിൽ വലിയ ആവേശമായി. സമാനമായ ആവേശത്തിലാണ് തിരുവനന്തപുരം ഇന്ന് മോദിയെ വരവേറ്റത്.  ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കാണാനായി റോഡിന് ഇരുവശവും അണിനിരന്നത്. ഇന്നലെ യുവം വേദിയിൽ സുരേഷ് ഗോപി, നടി അപർണ ബാലമുരളി, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ എന്നിവർ എത്തി. എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. നടി നവ്യാ നായർ വേദിയിൽ നൃത്തം അവതരിപ്പിച്ചു. യുവം 2023 പരിപാടിക്കു ശേഷം ഇന്നലെ ക്രൈസ്തവ സഭാ നേതാക്കളുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുകയുണ്ടായി.

#Daily
Leave a comment