PHOTO: WIKI COMMONS
എറണാകുളം-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് അനുവദിക്കാന്‍ സാധ്യത
പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) യില്‍ നിന്ന് ദക്ഷിണ റെയില്‍വേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്താന്‍ സാധ്യത. ദക്ഷിണ റെയില്‍വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് എറണാകുളം-ബെംഗളൂരു റൂട്ട്.
കഴിഞ്ഞദിവസമായിരുന്നു ഐ.സി.എഫ് ദക്ഷിണ റെയില്‍വേ ഉള്‍പ്പെടുന്ന ആറ് സോണുകളിലേക്കായി ആറ് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചത്. രാവിലെ അഞ്ചിന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആര്‍ ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 10.45-ന് എറണാകുളം ജങ്ഷനിലെത്തും. തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകളുണ്ടാവുക.
എല്‍.എച്ച്.ബി കോച്ചുകളുടെ നിര്‍മാണം ഊര്‍ജിതം
രാജ്യത്തെ എല്ലാ കോച്ച് ഫാക്ടറികളിലും എല്‍.എച്ച്.ബി. കോച്ചുകളുടെ നിര്‍മാണം ഊര്‍ജിതമായി നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പ്രധാന തീവണ്ടികളിലുള്ളത് ഐ.സി.എഫിന്റെ പഴയ കോച്ചുകളാണ്. തിരുവനന്തപുരം ഡിവിഷനിലെ 1900 കോച്ചുകളില്‍ ഏകദേശം 1000 കോച്ചുകളും പാലക്കാട് ഡിവിഷനുകളിലെ 600 കോച്ചുകളിലെ 300 കോച്ചുകളും ഐ.സി.എഫിന്റെ പഴയ കോച്ചുകളാണ്. പഴയ കോച്ചുകളുള്ള തീവണ്ടികളിലെ സ്ലീപ്പര്‍ കോച്ചുകളുടെ അവസ്ഥ ദയനീയമാണ്.