PHOTO: WIKI COMMONS
വന്ദേഭാരത് ഇനി മംഗളൂരു വരെ; റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡ് വരെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. എന്നാല്‍ ഇത് എന്നുമുതല്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. മംഗളൂരുവില്‍ പുതിയ പ്ലാറ്റ്‌ഫോമുകളുടെ പണി പൂര്‍ത്തിയായ സാഹചര്യത്തില്‍ വൈകാതെ ട്രെയിന്‍ ഓടിത്തുടങ്ങിയേക്കാമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക.
നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ ഓടുന്നത്. 2023 ഏപ്രിലിലാണ് ആദ്യ വന്ദേഭാരത് കോട്ടയം വഴി സര്‍വീസ് തുടങ്ങിയത്. 2023 സെപ്റ്റംബറിലാണ് ആലപ്പുഴ വഴി രണ്ടാം വന്ദേഭാരതിന് തുടക്കമായത്. കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് രണ്ടാം വന്ദേഭാരത് നിര്‍ത്തുക. രണ്ടാം വന്ദേഭാരതാണ് മംഗളൂരു വരെ സര്‍വീസ് നടത്തുന്നത്.