TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

വണ്ടിപ്പെരിയാര്‍ പോക്സോ കേസ്: കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കുടുംബം

15 Dec 2023   |   2 min Read
TMJ News Desk

ണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ പ്രതിയെ വെറുതെവിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി കുടുംബം. പ്രതി അര്‍ജുന്‍ തന്നെയെന്ന് വിശ്വസിക്കുന്നുവെന്നും കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കേസില്‍ പ്രതിക്കെതിരെ പട്ടികജാതി പട്ടിവര്‍ഗ പീഡന നിയമം ചുമത്തിയില്ല, ഈ വകുപ്പ് ചുമത്തിയാല്‍ കേസ് ഡിവൈഎസ്പി അന്വേഷിക്കണമെന്നും അത് ഒഴിവാക്കാനായിരുന്നു ശ്രമമെന്നും കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് നീണ്ടുപോകുമെന്ന ന്യായമായിരുന്നു ഇതിനായി പോലീസ് ഉയര്‍ത്തിയതെന്നും കുട്ടിയുടെ അച്ഛന്‍ ചൂണ്ടിക്കാണിച്ചു.

പ്രതിയെ വെറുതെവിട്ട് കോടതി

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ കോടതി ഇന്നലെ വെറുതെവിട്ടിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന് കോടതി കണ്ടെത്തി. കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി മഞ്ജുവാണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള ഉത്തരവിട്ടത്. 

കേസിന്റെ ആരംഭഘട്ടത്തില്‍ തന്നെ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമങ്ങള്‍ നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കളിക്കുന്നതിനിടെ ഷാള്‍ കുരുങ്ങി മരണം സംഭവിച്ചെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍ കുട്ടിയെ പരിശോധിച്ച വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കണ്ടെത്തല്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് കാണിക്കുന്നതായിരുന്നു. കുട്ടിയുടെ ശരീരത്തിലെ പാടുകളും മുറിവുകളും പരിശോധിച്ച ഡോക്ടര്‍ പോസ്റ്റ്മോര്‍ട്ടം വേണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമായിരുന്നു അന്വേഷണം വേഗത്തിലായത്. അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം ജില്ലാ പോലീസ് മേധാവി ആദ്യം തിരിച്ചയച്ചിരുന്നു. കുറ്റപത്രത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഈ നടപടി. പിന്നീട് പുതുക്കിയ കുറ്റപത്രം 2021 സെപ്റ്റംബര്‍ 21 നായിരുന്നു സമര്‍പ്പിക്കുന്നത്.

നീതി കിട്ടിയില്ലെന്ന് മാതാപിതാക്കള്‍

2021 ജൂണ്‍ 30 നാണ് ചുരുക്കുളം എസ്റ്റേറ്റില്‍ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസി അര്‍ജുനെ പൊലീസ് പിടികൂടിയത്. കുട്ടിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തി എന്ന് അര്‍ജുന്‍ സമ്മതിച്ചതായാണ് പോലീസിന്റെ വിശദീകരണം. കുട്ടിയെ മൂന്ന് വയസ്സുമുതല്‍ അര്‍ജുന്‍ പീഡിപ്പിക്കാറുണ്ടായിരുന്നെന്നും, കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്കുപോകുന്ന സമയത്തായിരുന്നു ഈ അതിക്രമം എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ സി.ഐ ആയിരുന്ന ടി ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുവര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. പ്രതിയെ വെറുതെ വിട്ടതില്‍ നിരാശയുണ്ടെന്നും മകള്‍ക്ക് നീതികിട്ടിയില്ലെന്നും മാതാപിതാക്കള്‍ പ്രതികരിച്ചു. കുട്ടിക്ക് നീതിലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കോടതിക്ക് പുറത്ത്  പ്രതിഷേധിച്ചിരുന്നു.


#Daily
Leave a comment