
സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരണമെന്ന് വത്തിക്കാൻ ഉച്ചകോടി
കത്തോലിക്കസഭയിലെ സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരണമെന്ന തീരുമാനവുമായി വത്തിക്കാൻ ഉച്ചകോടി. വൈദിക സ്ഥാനമല്ലാതെ മറ്റ് നേതൃസ്ഥാനങ്ങൾ സ്ത്രീകൾക്ക് വേണ്ടി രൂപകല്പന ചെയ്യാനാണ് സഭ ആലോചിക്കുന്നത്. ആഗോളതലത്തിലുള്ള ക്രൈസ്തവ വീക്ഷണങ്ങളെ വിലയിരുത്തി നടത്തിയ കൂടിയാലോചനയിലെ തീരുമാനമാണ് സിനഡിൽ അംഗീകരിച്ചത്. സിനഡിലെ വോട്ടെടുപ്പിൽ പങ്കെടുത്ത 368 പ്രതിനിധികളിൽ 60ഓളം സ്ത്രീകളും ഉൾപ്പെട്ടിരുന്നു.
ബിഷപ്പ് കോൺഫറൻസ് മുന്നോട്ട് വച്ച 150 നിർദ്ദേശങ്ങളിലും സിനഡ് അംഗങ്ങളിൽ എല്ലാവരും തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തീരുമാനമായി. പുരുഷ പുരോഹിതൻമാരുള്ള സഭയിൽ സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരണെമന്ന നിർദ്ദേശത്തിനാണ് ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചത്. സ്ത്രീകൾക്ക് സഭയിൽ ഡീക്കൻ സ്ഥാനം നൽകണമെന്ന ആശയമാണ് സ്ത്രീകൾക്ക് നേതൃസ്ഥാനം വേണമെന്ന ചർച്ച മുന്നോട്ട് വച്ചത്. കോൺഫറസിൽ അംഗീകരിച്ച നിർദ്ദേശങ്ങളൊന്നും സിനഡ് ഇത് വരെ നടപ്പിലാക്കിയിട്ടില്ല എന്നാൽ സ്ത്രീകളെ സഭയിലെ നേതൃസ്ഥാനങ്ങളിൽ നിന്ന് തടയുന്നതിന് യാതൊരു തടസങ്ങളോ കാരണങ്ങളോ നിലനിൽക്കുന്നില്ലെന്നാണ് സഭയുടെ രേഖകൾ വ്യക്തമാക്കുന്നത്.
നിലവിൽ കത്തോലിക്ക സഭ പുരുഷൻമാർക്ക് മാത്രമാണ് ഡീക്കൻ സ്ഥാനം നൽകിയിരിക്കുന്നത്. ഡീക്കൻമാർക്ക് മാമോദീസ, മരണം, വിവാഹം എന്നീ ചടങ്ങുകൾ നടപ്പിലാക്കാൻ സാധിക്കും എന്നാൽ വൈദികരെ പോലെ കുർബ്ബാന അനുഷ്ഠിക്കാൻ സാധിക്കില്ല.
സഭയിലേക്ക് സ്വവർഗാനുരാഗികളെ സ്വാഗതം ചെയ്യുന്നതിനുള്ള പരിഷ്കരണങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അന്തിമരേഖയിലെ നിർദ്ദേശങ്ങളിലൊന്നും എൽജിബിടിക്യൂ കമ്യൂണിറ്റിയെ പരാമർശിച്ചിട്ടില്ല. അവരുടെ വൈവാഹിക നില, ഐഡന്റിറ്റി എന്നിവ മുൻനിർത്തി ഇവരെ ഒഴിവാക്കിയതാവാം എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഈ നിർദ്ദേശങ്ങളിൽ എൽജിബിടിക്യു വിഭാഗത്തെ പരാമർശിക്കാത്തതിൽ തനിയ്ക്ക് അത്ഭുതമൊന്നും തോന്നുന്നില്ലെന്ന് എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന പ്രമുഖ അമേരിക്കൻ ജെസ്യൂട്ട് പുരോഹിതനും സിനഡ് അംഗവുമായ റെവറന്റ് ജെയിംസ് മാർട്ടിൻ പറഞ്ഞു. സഭയിലെ അംഗങ്ങളായ സഭയുടെ ഭാവി രൂപകല്പന ചെയ്യുന്നതിൽ ഒരു വലിയ സ്ഥാനം വഹിക്കുന്നുണ്ടെന്നും കർദിനാൾമാരും ബിഷപ്പുമാരും മാത്രം തീരുമാനങ്ങളെടുത്താൽ പോരെന്നും വോട്ടെടുപ്പ് പ്രക്രിയയെ വിലയിരുത്തി പോപ് ഫ്രാൻസിസ് പറഞ്ഞു.


