
വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനെ ഇനി ഗവര്‍ണര്‍ തീരുമാനിക്കും
സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിനുള്ള പൂര്‍ണ അധികാരം ചാന്‍സലര്‍മാര്‍ക്ക് നല്‍കി യുജിസി ചട്ടങ്ങള്‍ പരിഷ്‌കരിച്ചു. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങളില്‍ യുജിസി ചാന്‍സലര്‍ക്ക് പൂര്‍ണ അധികാരം നല്‍കി.
കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകള്‍ക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകുമെന്നും യുജിസിയുടെ ചട്ടങ്ങളില്‍ പറയുന്നു.
ഇത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വിസി നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരുകളും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്ക് ശക്തിപകരും. ഇത്തരം തര്‍ക്കങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ രൂക്ഷമായതിനാലാണ് യുജിസി ചട്ടം പരിഷ്‌ക്കരിച്ചത്. കേരളത്തില്‍ കല്‍പിത സര്‍വകലാശാലയായ കലാമണ്ഡലം ഒഴിച്ചുള്ള സര്‍വകലാശാലകളില്‍ ഗവര്‍ണറാണ് ചാന്‍സലര്‍. കലാമണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആണ് ചാന്‍സലറെ നിയമിക്കുന്നത്. നിലവില്‍ നര്‍ത്തകിയായ മൃണാളിനി സാരാഭായി ആണ് ചാന്‍സലര്‍.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ ഇനി ചാന്‍ലസര്‍ക്ക് നിര്‍ദേശിക്കാം. രണ്ടാമത്തെ അംഗത്തെ യു.ജി.സി. ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും. സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്സിക്യുട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെയും നിര്‍ദേശിക്കാം.
സെര്‍ച്ച് കമ്മിറ്റിക്ക് വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് അഞ്ച് പേരുകള്‍ ചാന്‍സലറുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാം. അഞ്ച് വര്‍ഷത്തേക്കോ 70 വയസ്സ് തികയുന്നത് വരെയോ ആണ് വിസിമാരെ നിയമിക്കുന്നത്. പുനര്‍നിയമനത്തിനും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. ലംഘിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ യുജിസിയുടെ പദ്ധതികളില്‍നിന്ന് ഒഴിവാക്കും. ബിരുദ, ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നതില്‍ നിന്നും വിലക്കുമെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുറത്തിറക്കിയ ചട്ടത്തില്‍ വ്യക്തമാക്കി.
വിസി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നും ചാന്‍സലറാണ് നിയമനാധികാരിയെന്നും സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആ ഉത്തരവിന് അനുസൃതമായണ് യുജിസിയുടെ ചട്ടപരിഷ്‌കരണം. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിലെ കേസിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചിരുന്നത്.
നിലവില്‍ കേരളത്തില്‍ സ്ഥിരം വിസിയുള്ളത് ആരോഗ്യസര്‍വകലാശാലയില്‍ മാത്രമാണ്. മറ്റുള്ളയിടങ്ങളില്‍ താല്‍ക്കാലിക വിസിയാണ്. ഇതോടെ, ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരുന്ന കാലത്തുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ രാഷ്ട്രീയ പോര് പുതിയ ഗവര്‍ണറുടെ കാലത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായി.