TMJ
searchnav-menu
post-thumbnail

TMJ Daily

സിപിഎമ്മിനെ റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്നത് ബിജെപിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 

20 Nov 2024   |   2 min Read
TMJ News Desk

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തിനു ശേഷം സിപിഎം പത്രങ്ങളില്‍ നല്‍കിയ വിദ്വേഷ പരസ്യം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും അത് ഉണങ്ങാന്‍ താമസമെടുക്കുമെന്നും വി ഡി സതീശന്‍. സംഘപരിവാറിന്റെ വഴികളിലൂടെ യാത്ര ചെയ്ത് മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ദുരുദ്ദ്യേശ്യത്തോടെയാണ് പരസ്യം നല്‍കിയത്. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരസ്യമാണെന്നും ഇടതു മുന്നണിയല്ല ഇത് നല്‍കിയതെന്നും സിപിഐ പറഞ്ഞിട്ടുണ്ട്. സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പോലും പരസ്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു.

പരസ്യം നല്‍കിയതിന്റെ ഉത്തരവാദി മന്ത്രി എം ബി രാജേഷാണ്. എന്നിട്ടും മന്ത്രി ന്യായീകരിക്കുകയാണ്. ചെലവ് കുറവുള്ളതു കൊണ്ടാണ് ഈ രണ്ടു പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നാണ് പറഞ്ഞത്.  ഈ പരസ്യം നല്‍കുന്നതിന്റെ തലേ ദിവസം പ്രമുഖ ദിനപത്രത്തില്‍ നാല് പേജുള്ള പരസ്യം നല്‍കിയിരുന്നു. എന്നാല്‍ അതില്‍ വര്‍ഗീയ വിദ്വേഷം പരത്തിയിരുന്നില്ല. അപ്പോള്‍ പണമില്ലാത്തതു കൊണ്ടാണ് രണ്ടു പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നു പറഞ്ഞത് പച്ചക്കള്ളമാണ്. സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലും കൊടുക്കാന്‍ പറ്റാത്ത പരസ്യം മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ കൊടുത്താണ് വിദ്വേഷം ജനിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പറഞ്ഞ വി ഡി സതീശന്‍ ഇത് വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ആരോപിച്ചു. 

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം സിപിഎം നേതാക്കള്‍ക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തു പറയണമെന്നു പോലും അറിയില്ല. ഇവരെ റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്നത് ബിജെപിയാണ്. ഇന്നലെ സന്ദീപ് വാര്യര്‍ പറഞ്ഞതു പോലെ ബിജെപിയുടെ ഓഫീസില്‍ നിന്നാണ് സിപിഎമ്മിനു വേണ്ടി പരസ്യം നല്‍കിയത്. ഹീനമായ വര്‍ഗീയത പ്രചരിപ്പിക്കാന്‍ നോക്കിയവര്‍ക്ക് പാലക്കാട്ടെ വോട്ടര്‍മാര്‍ ശക്തമായ തിരിച്ചടി നല്‍കും. മതേതര കേരളമാണെന്ന പ്രഖ്യാപനം കൂടിയായിരിക്കും പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് സിപിഎം പരസ്യം നല്‍കിയത്. മന്ത്രി കണ്ട ശേഷമാണ് ഈ പരസ്യം നല്‍കിയത്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയാണ് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരസ്യം നല്‍കിയത്. ഇത്തരം സംഭവം കേരളത്തില്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല എന്നതു കൊണ്ട് യുഡിഎഫ് നിയമപരമായി നേരിടുമെന്നും സതീശന്‍ പറഞ്ഞു.

പാണക്കാട് തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നാവാണ്. മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് തങ്ങള്‍. ഇവരെല്ലാം കേരളത്തിന്റെ മതേതരത്വത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് പാണക്കാട് സാദിഖലി തങ്ങള്‍ എറണാകുളത്തെത്തി മുനമ്പം സംഭവത്തില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയത്. 
ആ മനുഷ്യനെയാണ് വര്‍ഗീയവാദിയെന്നു പറഞ്ഞ് വേട്ടയാടുന്നത്. സാദിഖലി തങ്ങളെ അപമാനിക്കാന്‍ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇരുണ്ട് നേരം വെളുക്കുന്നതിനു മുന്‍പാണ് സിപിഎം നിലപാട് മാറ്റുന്നത്. സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറാണെന്നു പറഞ്ഞവരാണ് ഇപ്പോള്‍ വര്‍ഗീയവാദികള്‍ എന്നു പറയുന്നത്. പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച ഒ.കെ വാസുവിനെ ചുവന്ന മാലയിട്ട് സ്വീകരിച്ച് മലബാര്‍ ദേവസ്വത്തിന്റെ പ്രസിഡന്റാക്കിയ ആളാണ് പിണറായി വിജയന്‍. അങ്ങനെയുള്ള പിണറായിയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ പരിഹസിക്കുന്നതും വെപ്രാളപ്പെടുന്നതും പൊട്ടിക്കരയുന്നതും.

ആന്റണി രാജു മന്ത്രിയായിരിക്കുമ്പോള്‍ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചതാണ്. അന്ന് മുഖ്യമന്ത്രി നിശബ്ദനായിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി അദ്ദേഹം വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ലഹരി വസ്തു കൊണ്ടു വന്ന കേസില്‍ തെളിവായ അടിവസ്ത്രം കോടതിയില്‍ നിന്നും പുറത്തെടുത്ത് തെളിവ് നശിപ്പിച്ചത് ഗുരുതര കുറ്റമാണ്. 
അങ്ങനെ ഒരാള്‍ മന്ത്രിയായിരുന്നു എന്നത് കേരളത്തിനു തന്നെ അപമാനമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഉത്തരം പറയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.



#Daily
Leave a comment