TMJ
searchnav-menu
post-thumbnail

TMJ Daily

എം വി ​ഗോവിന്ദനും സിപിഎമ്മും കേരളത്തിന്റെ പൊതുബോധ്യത്തെ വെല്ലുവിളിക്കുന്നുവെന്ന് വി ഡി സതീശൻ

28 Nov 2024   |   1 min Read
TMJ News Desk

സിബിഐ അന്വേഷണത്തെ എതിര്‍ക്കുമ്പോഴും സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന എം.വി ഗോവിന്ദനും സിപിഎമ്മും കേരളത്തിന്റെ പൊതുബോധ്യത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാട് സര്‍ക്കാരും പാര്‍ട്ടിയും വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണത്തെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് വി ഡി സതീശൻ പറഞ്ഞു.

പി പി ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എം.വി ഗോവിന്ദനുള്ളതെന്നും അതുകൊണ്ടാണ് നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞതിനു പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങിയ പി പി ദിവ്യയെ സ്വീകരിക്കാന്‍ എം വി ഗോവിന്ദന്‍ സ്വന്തം ഭാര്യയെ അയച്ചതെന്നും വി ഡി സതീശൻ പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലാത്തതിനാൽ കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഭാര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും, നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘവും ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തിയെ മതിയാകൂവെന്നും വി ഡി സതീശൻ പറഞ്ഞു. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് അന്വേഷിക്കാത്തതില്‍ രാഷ്ട്രീയ ഇടപെടലുകളുള്ളതായും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.



#Daily
Leave a comment