എ കെ ബാലന്‍ | PHOTO: FACEBOOK
നിയമത്തിനെതിരായി വീണ ഒന്നും ചെയ്തിട്ടില്ല; പിന്തുണച്ച് എകെ ബാലന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. നിയമത്തിനെതിരായി യാതൊരു രൂപത്തിലുള്ള വ്യതിചലനവും വീണയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നിയമപരമായി നിലവില്‍ വന്ന രണ്ട് കമ്പനികള്‍ ഉണ്ടാക്കിയിട്ടുള്ള കരാറുകള്‍ നിയമത്തിനുമുന്നില്‍ നിലനില്‍ക്കും. വസ്തുതാപരമായ കാര്യങ്ങളല്ല പുറത്തുവന്നിട്ടുള്ളത്. ആദായ നികുതി വകുപ്പ് വീണയോട് കാര്യങ്ങള്‍ ചോദിച്ചിട്ടില്ല. ഇതേറ്റുപിടിക്കുന്നവര്‍ കേരള സമൂഹത്തില്‍ നിന്നും ഒറ്റപ്പെടും. നിലവില്‍ വിവാദം കോണ്‍ഗ്രസ്സിന്റെ ഉള്ളിലെ വൈരുധ്യം വര്‍ധിപ്പിക്കുക മാത്രമേ ചെയ്യു എന്ന് എകെ ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കരാറിന്റെ അടിസ്ഥാനത്തില്‍ നടന്ന പണമിടപാട്
കരിമണല്‍ വ്യവസായ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെല്‍ ലിമിറ്റഡില്‍ (സിഎംആര്‍എല്‍) നിന്നും വീണ മാസപ്പടി വാങ്ങിയെന്ന ആരോപണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കമ്പനിയില്‍ നിന്നും വീണ 1.72 കോടി രൂപ മാസപ്പടിയായി വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. വാര്‍ത്തയെ നിഷേധിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിറക്കിയിട്ടുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കള്ളപ്രചരണവും നിന്ദ്യമായ മാധ്യമ രീതിയുമാണിത്, വീണക്കെതിരെ വന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല, നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ടു കമ്പനികള്‍ തമ്മിലുള്ള നിയമപരമായ കരാറും അതിലെ വ്യവസ്ഥകള്‍ പ്രകാരം വാര്‍ഷിക അടിസ്ഥാനത്തിലുള്ള പണം കൈമാറ്റവുമാണ് നടക്കുന്നത്. കരാറിന്റെ അടിസ്ഥാനത്തില്‍ ബാങ്കുവഴി നടന്ന പണമിടപാടുകള്‍ മാസപ്പടിയായി ചിത്രീകരിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.
വിഷയം സഭയില്‍ ഉന്നയിക്കും
വിഷയം എന്തുകൊണ്ട് സഭയില്‍ ഉന്നയിച്ചില്ല എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വീണക്കെതിരെയുള്ള ആരോപണം അടിയന്തിര പ്രമേയമായി ഉന്നയിക്കാന്‍ ചട്ടപ്രകാരം കഴിയില്ല. അഴിമതിയാരോപണങ്ങള്‍ എഴുതിക്കൊടുത്ത് പ്രത്യേകം ഉന്നയിക്കണം. അടിയന്തിര പ്രമേയമായി ഉന്നയിച്ചാല്‍ സ്പീക്കര്‍ അപ്പോള്‍ തന്നെ നിഷേധിക്കും എന്നാണ് വിഡി സതീശന്‍ മറുപടി പറഞ്ഞത്. അവസരം കിട്ടുമ്പോള്‍ വിഷയം സഭയില്‍ ഉന്നയിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.