TMJ
searchnav-menu
post-thumbnail

TMJ Daily

വാഹനങ്ങള്‍ക്ക് ഇന്ധന കളര്‍ കോഡ് വേണം: സുപ്രീംകോടതി

05 Jan 2025   |   1 min Read
TMJ News Desk

വാഹനങ്ങള്‍ക്ക് അവ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ അനുസരിച്ചുള്ള കളര്‍ കോഡ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി. നിലവില്‍ ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി വാഹനങ്ങള്‍ കളര്‍ കോഡ് ഉപയോഗിക്കുന്നുണ്ട്. ഈ ഹോളോഗ്രാം അധിഷ്ഠിത സംവിധാനം സംസ്ഥാനങ്ങളിലും മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങളിലും നടപ്പിലാക്കുന്നത് പരിഗണിക്കുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു.

ഡല്‍ഹിയില്‍ പെട്രോള്‍, സിഎന്‍ജി വാഹനങ്ങള്‍ക്ക് ഇളം നീലനിറവും ഡീസല്‍ വാഹനങ്ങള്‍ക്ക് ഓറഞ്ച് നിറമുള്ള ഹോളോഗ്രാം സ്റ്റിക്കറുകളും ഉപയോഗിക്കാം എന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം 2018ല്‍ സുപ്രീംകോടതി അംഗീകരിച്ചു.

വാഹനങ്ങളെ അവ ഉപയോഗിക്കുന്ന ഇന്ധനങ്ങളെ അടിസ്ഥാനമാക്കി തിരിച്ചറിയുന്നതിന് ഇത് സഹായിക്കുന്നു. സുപ്രീംകോടതി നിര്‍ദ്ദേശം അംഗീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളും 2001ലെ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് ഉത്തരവും ഭേദഗതി ചെയ്ത് ഹോളോഗ്രാം അധിഷ്ഠിത സ്റ്റിക്കറുകള്‍ക്ക് നിയമസാധുത നല്‍കി.

ജസ്റ്റിസുമാരായ എ എസ് ഒകാ, എജി മാസിഹ് എന്നിവരടങ്ങുന്ന ബഞ്ച് വെള്ളിയാഴ്ച്ച ഈ വിഷയം പരിഗണിച്ചു. ദേശീയ തലസ്ഥാന പ്രദേശത്തിന് പുറത്ത് ഈ സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുന്ന നിര്‍ദ്ദേശം പരിഗണിച്ചേക്കുമെന്ന് ഈ ബഞ്ച് പറഞ്ഞു.

ഭരണഘടനയിലെ അനുച്ഛേദം 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് രാജ്യവ്യാപകമായി ഇത്തരം സ്റ്റിക്കര്‍ ഉപയോഗിക്കുന്നതിനുള്ള ഉത്തരവ് കോടതി നല്‍കിയേക്കും. ജനുവരി 15ന് ഈ വിഷയത്തിലുള്ള അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ളവരോട് ബഞ്ച് നിര്‍ദ്ദേശിച്ചു. ഡല്‍ഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് സ്റ്റിക്കര്‍ വിഷയം ഉയര്‍ന്നുവന്നത്.


#Daily
Leave a comment