
കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍
കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. എന്നാല്‍ ഇടതുപക്ഷത്തില്‍ ഈഴവര്‍ക്ക് പരിഗണന ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് ഈഴവര്‍ക്ക് പരിരക്ഷയും അംഗീകാരവും കിട്ടുന്നില്ലെന്നും അല്‍പമെങ്കിലും പരിരക്ഷ ലഭിക്കുന്നത് ഇടതുപക്ഷത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് പോരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
'കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് എന്ത് പരിഗണന ഉണ്ടെന്ന് ചോദിച്ച വെള്ളപ്പാള്ളി എത്ര ഈഴവ ഡിസിസി പ്രസിഡന്റുമാര്‍ ഉണ്ടെന്നും ചോദിച്ചു.
ഇടതുപക്ഷത്തിന്റെ ജില്ലാ കമ്മിറ്റികളില്‍ ഈഴവ ജില്ലാ സെക്രട്ടറിമാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംഗീകാരവും പരിരക്ഷയും കിട്ടുന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ കാലത്ത് ഇന്നത്തേക്കാള്‍ ഭേദമായിരുന്നുവെന്നും വലിയ പരിഗണന അപ്പോഴും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ഓര്‍മിപ്പിച്ചു.
ഈഴവരുടെ പിന്‍ബലമില്ലാതെ കേരളത്തില്‍ ഒരു രാഷ്ട്രീയകക്ഷിക്കും വിജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവ പിന്നോക്ക വിഭാഗം 30ശതമാനത്തിലധികം ഉണ്ടെന്നും ഈഴവരുടെ പിന്‍ബലമില്ലാത്തവര്‍ക്ക് കേരളത്തില്‍ ഭരണം കിട്ടിയ ചരിത്രമില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.