
വെനെസ്വേലന്‍, ഹൈതിയന്‍ കുടിയേറ്റക്കാരെ സംരക്ഷിക്കണം; ഹ്യൂമന്‍ റൈറ്‌സ് വാച്ച്
ലാറ്റിനമേരിക്കന്‍ സര്‍ക്കാരുകളോട് വെനെസ്വേലന്‍, ഹൈതിയന്‍ കുടിയേറ്റക്കാരെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യവുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്.കര്‍ശനമായ വിസ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയും, സംരക്ഷണോപായങ്ങള്‍ മെച്ചപ്പെടുത്തിയും നിയമപരമായി അംഗീകരിച്ചും അവരെ സഹായിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ജോലി കണ്ടെത്താനുള്ള ബുദ്ധിമുട്ടുകള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ എന്നിവ കാരണം കൂട്ടത്തോടെ അമേരിക്കയിലോട്ട് പലായനം ചെയ്യുകയാണ് ഹൈതിയന്‍, വെനെസ്വേലന്‍ വംശജര്‍.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഏകീകരണത്തിനും വ്യവസ്ഥിതിപ്പെടുത്തലിനുമായുള്ള പോളിസികളിലുള്ള പരിമിതകള്‍ മൂലവുമാണ് വടക്കേ അമേരിക്കയിലോട്ട് ഇവര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതെന്നും നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിലെത്താന്‍ വളരെയേറെ അപകടങ്ങള്‍ നിറഞ്ഞിട്ടുള്ള ഡാരിയന്‍ ഗ്യാപ് എന്ന വനപാതയിലൂടെയാണ് കുടിയേറ്റക്കാര്‍ കൂട്ടമായി കടന്നുപൊക്കൊണ്ടിരിക്കുന്നത്. നിയമപരവും സുരക്ഷിതവുമായ പാതയില്ലാത്തതാണ് അപകടകരമായ ഡാരിയന്‍ ഗ്യാപ്പിലൂടെ പോകുവാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടിറാന ഹസ്സന്‍ വ്യക്തമാക്കി.
അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും വേര്‍തിരിച്ച് കാണുന്ന നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് നിരീക്ഷണസമിതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഇത്തരം നിയമങ്ങള്‍ വര്‍ക്ക് പെര്‍മിറ്റ് കുടിയേറ്റകാര്‍ക്ക് നല്‍കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പനാമയിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളില്‍ ഏഴ് ലക്ഷത്തിലധികം പേരാണ് ഡാരിയന്‍ ഗ്യാപിലൂടെ യുഎസിലേക്ക് കടന്നത്. ഈ വര്‍ഷം മാത്രം, ഇത് വരെ 238000 പേര് ഗ്യാപ്പ് കടന്നെന്നാണ് കണക്കുകള്‍. ഇതില്‍ 65 ശതമാനത്തോളം പേര്‍ രാജ്യത്തിലെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യം വിടുന്ന വെനെസ്വേലന്‍ പൗരരാണ്. കോവിഡിന് ശേഷം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സാമ്പത്തികവളര്‍ച്ചയുടെ മെല്ലെപോക്ക് മൂലവും കുടിയേറ്റക്കാര്‍ക്ക് അവിടെ തന്നെ തുടരാനുള്ള സാഹചര്യം ഇല്ലാതാവുകയാണ്. UNHCR-ന്റെ കണക്കുകള്‍ പ്രകാരം മിക്ക വെനെസ്വേലന്‍ പൗരരും ചിലി, പെറു പോലെയുള്ള രാജ്യങ്ങളില്‍ കഴിഞ്ഞുകൂടാന്‍ ശ്രമിച്ചെങ്കിലും സ്ഥിതിഗതികള്‍ മോശമായതിനാല്‍ യുഎസിലോട്ട് കുടിയേറുവാന്‍ നിര്‍ബന്ധിതരാവുകയാണ്.
ലാറ്റിനമേരിക്കയില്‍ ജീവിക്കുന്ന ഹൈതിയന്‍ കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതും, ജോലികള്‍ ലഭിക്കാത്തതും മൂലം നാട്ടിലെ തങ്ങളുടെ കുടുംബങ്ങളെ പോറ്റാന്‍ കഴിയാതാവുകയാണ്. അതിനാല്‍ അവരും മറ്റു മാര്‍ഗങ്ങളില്ലാതെ യുഎസിലോട്ട് കുടിയേറുന്നു. ഉറപ്പില്ലാത്ത സര്‍ക്കാരുകളും സാമ്പത്തിക പ്രതിസന്ധിയും ആയുധധാരികളായ കുറ്റവാളിസംഘങ്ങളുടെ അക്രമങ്ങളുമെല്ലാമാണ് ഹൈതിയന്‍ ജനങ്ങള്‍ മറ്റു രാജ്യങ്ങളില്‍ അഭയം പ്രാപിക്കുന്നതിനു പിന്നിലെ പ്രധാന കാരണങ്ങള്‍.