TMJ
searchnav-menu
post-thumbnail

TMJ Daily

ഗവര്‍ണര്‍ക്കെതിരായ വിധി: ജനാധിപത്യത്തിന്റെ വിജയമെന്ന് മുഖ്യമന്ത്രി

08 Apr 2025   |   1 min Read
TMJ News Desk

മിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന്  നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയില്‍  ബില്ലുകള്‍ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു. നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് വഴിമുടക്കികള്‍ ആകരുതെന്നും ജനവിധി അംഗീകരിക്കണമെന്ന് സുപ്രീംകോടതി ഇന്ന് പറഞ്ഞിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധിച്ചിരുന്നു.

ഗവര്‍ണര്‍മാര്‍ക്ക് വീറ്റോ അധികാരം ഭരണഘടന നല്‍കുന്നില്ലെന്നും നിയമസഭ പാസാക്കിയ ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

ഗവര്‍ണര്‍ തിരിച്ചയക്കുന്ന ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി അയച്ചാല്‍ ആ ബില്ലില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ ഒപ്പുവയ്ക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.


#Daily
Leave a comment