
മുഖ്യമന്ത്രിയോടുള്ള പാര്‍വതിയുടെ ചോദ്യത്തിന് വിധുവിന്റെ മറുപടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇരകള്‍ക്ക് തുടരാന്‍ താല്‍പര്യമില്ലാത്തതിനെ തുടര്‍ന്ന് അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചതിനെ പരിഹസിച്ച് നടി പാര്‍വ്വതി തിരുവോത്ത് മുഖ്യമന്ത്രി പിണറായി വിജയനോട് സോഷ്യല്‍ മീഡിയയില്‍ ചോദിച്ച ചോദ്യത്തിന് മറുപടിയുമായി സംവിധായിക വിധു വിന്‍സന്റ് രംഗത്ത്.
അഞ്ചര വര്‍ഷമായല്ലോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനം ആയോ എന്ന് ഇന്നലെ പാര്‍വതി മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് ചോദിച്ചിരുന്നു. ഇതിനാണ് താരങ്ങളാണെന്ന ബലത്തില്‍ കാടടച്ച് വെടിവയ്ക്കരുതെന്ന് വിധു മറുപടി പറഞ്ഞത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും നിലവിലെ സാഹചര്യങ്ങളും മറ്റും വിശദീകരിച്ച് വിധു ഫേസ്ബുക്കില്‍ മറുപടി കുറിച്ചു.
ഈ റിപ്പോര്‍ട്ട് വെറുമൊരു കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഉപകരണമായിരുന്നില്ലെന്നും പകരം മലയാള ചലച്ചിത്ര മേഖലയിലാകെ വ്യാപകമായ ആഭ്യന്തരമാറ്റങ്ങള്‍ക്ക് വഴിതെളിച്ച നയരേഖയായിരുന്നു അതെന്നും വിധു പറഞ്ഞു. സര്‍ക്കാര്‍ പുതിയ ചലച്ചിത്ര നയം രൂപീകരിക്കാനുള്ള ഉദ്യമത്തിന് അടിത്തറ പാകിയത് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളാണെന്നും വിപുലമായ കൂടിയാലോചന പ്രക്രിയയാണ് ഇതേ തുടര്‍ന്ന് നടന്നതെന്നും അവര്‍ കുറിച്ചു.

