
ഐ സി ബാലകൃഷ്ണനെതിരെ വിജിലൻസ് കേസ്
സുൽത്താൻ ബത്തേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ ഐ സി ബാലകൃഷ്ണനെതിരെ വിജിലെൻസ് കേസ് എടുത്തു. വയനാട് ഡിസിസി ട്രെഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിന് കാരണമായ ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളിൽ നിയമനം നടത്തുന്നതിന് ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എൻ എം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ എംഎൽഎയ്ക്കും വയനാട് ഡിസിസി അധ്യക്ഷനായിരുന്ന എൻ ഡി അപ്പച്ചനെതിരെയും ഗുരുതര ആരോപണം ഉണ്ടായിരുന്നു. മകനെ അർബൻ ബാങ്കിലെ സ്വീപ്പർ തസ്തികയിൽ നിന്ന് നീക്കം ചെയ്ത് പണം വാങ്ങി മറ്റൊരാളെ എംഎൽഎ നിയമിച്ചതായും ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
ബാലകൃഷ്ണൻ ഡിസിസി പ്രസിഡന്റ് ആയിരിക്കെ ബാങ്കുകളിൽ നിയമനത്തിന് കോഴ വാങ്ങിയതിനുള്ള തെളിവുകൾ നേരത്തെ വിജിലൻസിന് ലഭിച്ചിരുന്നു. വിജിലൻസ് ഡയറക്ടറുടെ അനുമതിയെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്.


