TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി

14 Aug 2023   |   1 min Read
TMJ News Desk

സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് അനധികൃതമായി പണം പറ്റിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി. വിവരാവകാശ പ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലന്‍സ് മേധാവിക്ക് പരാതി നല്‍കിയത്. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും ഐടി വകുപ്പ് പിടിച്ചെടുത്ത ഡയറിയില്‍ പേരുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ് ആവശ്യം. 

മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ പണം വാങ്ങിയതെന്ന് പരിശോധിക്കണം. പരാതിയുടെ പകര്‍പ്പ് ഗവര്‍ണര്‍ക്കും അയച്ചിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു. 

സിഎംആര്‍എല്ലും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നികുതി തര്‍ക്കത്തില്‍ ആദായ നികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഇറക്കിയ ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി പത്തുപേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ആരോപണത്തെ കുറിച്ച് പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. 

വിവാദങ്ങളുടെ തുടക്കം

വീണ വിജയന് സിഎംആര്‍എല്‍ കമ്പനി പണം നല്‍കിയെന്ന കണ്ടെത്തലാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണം. 1.72 കോടി രൂപയാണ് ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നല്‍കിയത്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് വീണയ്ക്ക് പണം നല്‍കിയതായി പറയുന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടറായ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും 2019 ജനുവരി 25 നായിരുന്നു ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം റെയ്ഡ് നടത്തിയത്. 

അവഗണിച്ച് സിപിഎം

ആരോപണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കി. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെയാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. പണമിടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിട്ടുള്ളത്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത്. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്. ഇതിനു വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തുന്നു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ഇത്തരമൊരു ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും സിപിഎം പറയുന്നു.


#Daily
Leave a comment