
വിജയ് ഹസാരെ ട്രോഫിക്ക് ഇന്ന് തുടക്കം; കോലിയും രോഹിത്തും ഇന്ന് മൽസരത്തിനിറങ്ങും
ഇന്ത്യൻ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിക്ക് ഇന്ന് തുടക്കം. സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും നീണ്ട ഇടവേളയ്ക്കുശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്.
ദേശീയ ടീമിലെ സീനിയർ താരങ്ങൾ അടക്കം ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമായും കളിക്കണമെന്ന് ബിസിസിഐ നിർദേശം നൽകിയതിന് പിന്നാലെയാണ് കോലി, രോഹിത് എന്നിവർ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധത അറിയിച്ചത്. 15 വർഷത്തിന് ശേഷമാണ് വിരാട് കോലി ഡൽഹി ടീമിനായി വിജയ് ഹസാരെയിൽ ഇറങ്ങുന്നത്. 2018ലാണ് രോഹിത് ശർമ മുംബൈ ടീമിനൊപ്പം അവസാനമായി ഈ ടൂർണമെന്റിൽ കളിച്ചത്.
ഇവർക്കൊപ്പം ഋഷഭ് പന്ത്, ശുഭ്‌മൻ ഗിൽ, സൂര്യകുമാർ യാദവ്, അഭിഷേക് ശർമ തുടങ്ങിയ പ്രമുഖ താരങ്ങളും മൽസരങ്ങൾക്ക് ഇറങ്ങും. ആദ്യ റൗണ്ടിലെ മത്സരത്തിൽ മുംബൈ സിക്കിമിനെ നേരിടും. ഡൽഹിയുടെ ആദ്യ മത്സരം ആന്ധ്രയ്ക്കെതിരെയാണ്.
അതേസമയം, കേരളവും ഇന്ന് വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിനിറങ്ങും. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ത്രിപുരയാണ് കേരളത്തിന്റെ എതിരാളികൾ. രോഹൻ കുന്നുമ്മലാണ് കേരള ടീമിന്റെ ക്യാപ്റ്റൻ. സൂപ്പർ താരം സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും, നിലവിൽ ദേശീയ ട്വന്റി20 ടീമംഗമായതിനാൽ ടൂർണമെന്റിന്റെ അവസാന രണ്ട് മത്സരങ്ങളിൽ മാത്രമേ അദ്ദേഹം കേരളത്തിനായി കളിക്കുകയുള്ളൂ. കഴിഞ്ഞ സീസൺ രഞ്ജി ട്രോഫിയിൽ ഫൈനൽ എത്തിയത്തിന്റെ ആത്മാവിശ്വാസവുമായാണ് കേരളം ഇറങ്ങുന്നത്.
ഡിസംബർ 24 മുതൽ ജനുവരി 8 വരെയാണ് ടൂർണമെന്റ്. ഇത്തവണ 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ്, എട്ട് ടീമുകളുള്ള നാല് ഗ്രൂപ്പുകളായാണ് നടക്കുന്നത്. ബെംഗളൂരു, ജയ്പൂർ, രാജ്കോട്ട്, ആലൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് എല്ലാ മത്സരങ്ങളും നടക്കുക. 50 ഓവർ ഫോർമാറ്റിലാണ് പോരാട്ടങ്ങൾ. ദേശീയ താരങ്ങളുടെ സാന്നിധ്യം വർധിച്ചതോടെ ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി വലിയ ശ്രദ്ധ നേടുകയാണ്.


