TMJ
searchnav-menu
post-thumbnail

TMJ Daily

ഇയു നിയമം ലംഘിച്ചു; ആപ്പിളിനും മെറ്റയ്ക്കും വന്‍പിഴ

23 Apr 2025   |   1 min Read
TMJ News Desk

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ വിപണികളുടെ നിയമം ലംഘിച്ചതിന് യുഎസ് ടെക് വമ്പന്‍മാരായ ആപ്പിളിനും മെറ്റയ്ക്കും വന്‍പിഴ ചുമത്തി. ആപ്പിളിന് 570 മില്ല്യണ്‍ യൂറോയും മെറ്റയ്ക്ക് 200 മില്ല്യണ്‍ യൂറോയുമാണ് യൂറോപ്യന്‍ യൂണിയന്‍ പിഴയായി ചുമത്തിയത്.

യുഎസ് കമ്പനികളുടെ മേല്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇയുവിന്റെ തീരുമാനം എരിതീയില്‍ എണ്ണയൊഴിക്കുന്നതായി.

ഒരു വര്‍ഷത്തെ അന്വേഷണത്തിന് ഒടുവിലാണ് യൂറോപ്യന്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചത്. ഇയുവിന്റെ പിഴയെ ചോദ്യം ചെയ്യുമെന്ന് ആപ്പിള്‍ പറഞ്ഞു. യൂറോപ്യന്‍ കമ്മീഷന്‍ അന്യായമായി ആപ്പിളിനെ ലക്ഷ്യമിടുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഇന്നത്തെ പിഴ തീരുമാനമെന്ന് ആപ്പിള്‍ പറഞ്ഞു. ഇത് തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും, ഉല്‍പന്നങ്ങള്‍ക്കും എതിരാണെന്നും തങ്ങളുടെ സാങ്കേതികവിദ്യ സൗജന്യമായി നല്‍കാന്‍ നിര്‍ബന്ധിക്കുമെന്നും ആപ്പിള്‍ പറഞ്ഞു.

മെറ്റയും ഇയുവിന്റെ തീരുമാനത്തെ വിമര്‍ശിച്ചു. വ്യത്യസ്ത മാനദണ്ഡങ്ങള്‍ അനുസരിച്ച് ചൈനീസ്, യൂറോപ്യന്‍ കമ്പനികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമ്പോള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ബിസിനസുകളെ യൂറോപ്യന്‍ കമ്മീഷന്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആപ്പിള്‍ പറഞ്ഞു.

ഇത് വെറും പിഴയെക്കുറിച്ച് മാത്രമല്ലെന്നും തങ്ങളുടെ ബിസിനസ് മോഡലില്‍ മാറ്റം വരുത്താന്‍ കമ്മീഷന്‍ നിര്‍ബന്ധിതമാക്കുന്നുവെന്നും മെറ്റ പറഞ്ഞു.


#Daily
Leave a comment