PHOTO: FACEBOOK
മണിപ്പൂരില്‍ നടന്നത് മനുഷ്യാവകാശ ലംഘനം; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ്
മണിപ്പൂരില്‍ നടന്ന വംശീയ കലാപം മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അമേരിക്ക ഉന്നയിച്ചത്. മണിപ്പൂരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയ ആക്രമണമാണ് ഉണ്ടായതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കുക്കി-മെയ്‌തേയ് സമുദായങ്ങള്‍ക്കിടയില്‍ നടന്ന വംശീയ കലാപം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായി. 2023 മെയ് മൂന്ന് മുതല്‍ നവംബര്‍ 15 വരെ നീണ്ടുനിന്ന കലാപത്തില്‍ 200 ലേറെ പേര്‍ മരിച്ചു. നിരവധി വീടുകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. 60,000 ത്തില്‍ അധികം പേര്‍ പലായനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ തെറ്റായ പ്രചാരണമുണ്ടാകുന്നു. ക്രിമിനല്‍ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് കോടതി പരമാവധി ശിക്ഷ വിധിച്ചതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുകയാണെന്നും ബിബിസി ഓഫീസിലെ ആദായ നികുതി പരിശോധന ചൂണ്ടിക്കാട്ടി യുഎസ് ആരോപിക്കുന്നു. ജമ്മു കശ്മീരിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത വിവിധ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടപടിയുണ്ടായി. 2019 കുറഞ്ഞത് 35 മാധ്യമപ്രവര്‍ത്തകര്‍ക്കെങ്കിലും ആക്രമണങ്ങള്‍ നേരിടേണ്ടതായി വന്നു. ഒപ്പം പോലീസിന്റെ ചോദ്യം ചെയ്യല്‍, റെയ്ഡുകള്‍ തുടങ്ങിയവയും അഭിമുഖീകരിക്കേണ്ടി വന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സെപ്റ്റംബര്‍ നാലിന് ഐക്യരാഷ്ട്ര സഭാ വിദഗ്ധര്‍ മണിപ്പൂര്‍ കലാപത്തിനെതിരെ അന്വേഷണം നടത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ശക്തികള്‍ ഇടപെടരുതെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.