
സുരക്ഷാചട്ടങ്ങള്‍ ലംഘനം; സൗദി അറേബ്യയില്‍ കര്‍ശന പരിശോധന
സൗദിയില്‍ താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ നടത്തിയ റെയ്ഡില്‍ നിയമലംഘനം നടത്തിയ 22,094 പേരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസനിയമ ലംഘനം നടത്തിയതിന് 13,731 അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചതിന് 4,873 തൊഴില്‍നിയമ ലംഘനം നടത്തിയതിന് 3,490 പേരാണ് അറസ്റ്റിലായത്.
രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,337 പേരാണ് അറസ്റ്റിലായത്. ഇവരില്‍ 44 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. 37 നിയമലംഘകര്‍ രാജ്യത്തുനിന്ന് പുറത്തുപോകാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. നിയമലംഘകര്‍ക്ക് അഭയം കൊടുക്കുകയും ഇവരെ രാജ്യം വിടാന്‍ സഹായിക്കുകയും ചെയ്ത 23 പേരും അറസ്റ്റിലായിട്ടുണ്ട്.
രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വ്യക്തിക്ക് ഏതെങ്കിലും തരത്തില്‍ സഹായമോ സേവനമോ നല്‍കുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും 15 വര്‍ഷം വരെ തടവും പരമാവധി 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.