TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

അതിക്രമം നേരിട്ട് ന്യൂനപക്ഷങ്ങൾ; പരാമർശത്തെ തള്ളി ഇന്ത്യ, ചർച്ചയാകുന്ന യു എസ് റിപ്പോർട്ട്

18 May 2023   |   4 min Read
TMJ News Desk

രാമനവമിക്കിടെ രാജ്യത്തെ ഹിന്ദു ക്ഷേത്രത്തിൽ അതിക്രമം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ മാർച്ചിൽ നാല് മുസ്ലീം യുവാക്കളെ പൊലീസ് തല്ലിച്ചതച്ചു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന കാരണത്താൽ ഒരു പറ്റം ക്രിസ്ത്യാനികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്തു. 2022ൽ യു എസ് രാജ്യാന്തര മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ പരാമർശിച്ച ചില സംഭവങ്ങൾ മാത്രമാണിത്. മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യ തയാറാകുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ലോകമെമ്പാടും മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായുള്ള യു എസ് ഗവൺമെന്റിന്റെ റിപ്പോർട്ടിലാണ് പരാമർശം. ഇന്ത്യയിലെ ന്യൂനപക്ഷം അക്രമത്തിനിരയാവുകയാണ്. അതിന്റെ പേരിൽ കൊലപാതകവും അക്രമവും നടന്നിട്ടും സർക്കാർ നടപടിയെടുത്തിട്ടില്ല. മാത്രമല്ല, ഇത്തരം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ബിജെപി നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ വാർത്താ സമ്മേളനത്തിൽ പരാമർശിച്ചു. ഇന്ത്യ, ചൈന, റഷ്യ, ഇറാൻ എന്നിവയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ചില പ്രത്യേക മതത്തിലുള്ളവരെ ടാർഗറ്റു ചെയ്യുന്നതിലൂടെ സമൂഹത്തിൽ മതസ്പർധ വർധിക്കുന്നു. മതത്തിന്റെ പേരിൽ കലാപമുണ്ടാകാൻ സാധ്യതയുള്ള 162 രാജ്യങ്ങളിൽ ഇന്ത്യ നിലവിൽ എട്ടാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന്റെ ഒരു മാസം മുൻപാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് റിപ്പോർട്ട് എതിർത്ത് ഇന്ത്യ രംഗത്ത് വന്നു. റിപ്പോർട്ടിലെ വിവരങ്ങൾ പക്ഷപാതപരവും തെറ്റായതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ജി പറഞ്ഞു.

മതസ്പർധ വളരുന്ന മതേതര ഇന്ത്യ

1.4 ബില്യൺ ജനസംഖ്യയുമായി ലോകത്ത് ഒന്നാമതായ ഇന്ത്യയിലെ ഭരണഘടന രാജ്യത്തെ മതേതരത്വത്തെ അംഗീകരിക്കുന്നതാണ്. 2011ൽ നടത്തിയ അവസാന സെൻസസ് പ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ 80% ഹിന്ദുക്കളും 14% മുസ്ലീങ്ങളും 2% ക്രിസ്ത്യാനികളുമാണ്. തുടർച്ചയായി നാലാം വർഷമാണ് യു എസ് കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ എങ്ങനെ മതപരിവർത്തനം നിയമപരമായി നിരോധിച്ചിരിക്കുന്നു, എങ്ങനെയാണ് മതന്യൂനപക്ഷങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്നത് തുടങ്ങിയ അതിക്രമങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി ബിൽ

1955 ലെ പൗരത്വനിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് മോദി സർക്കാർ മുന്നോട്ട് വെച്ച പുതിയ ബിൽ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31നു മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് നിർദിഷ്ട നിയമം. മുമ്പ് കുറഞ്ഞതു 11 വർഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്ക് മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വർഷമായി ചുരുക്കും.

വീസ, പാസ്‌പോർട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന് ഇന്ത്യയിൽ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണ് പരിഗണിക്കുന്നത്. പൗരത്വ നിയമം ലംഘിക്കുന്ന വിദേശികളായ ഇന്ത്യൻ പൗരൻമാരുടെ ഒസിഐ രജിസ്‌ട്രേഷൻ റദ്ദാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്രവർഗ മേഖലകൾക്ക് ബിൽ ബാധകമല്ല. അരുണാചൽ, മിസോറം, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ പ്രവേശിക്കാൻ പെർമിറ്റ്് ആവശ്യമായ പ്രദേശങ്ങളും ബില്ലിന്റെ പരിധിയിൽ വരില്ല.

പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുന്നതോടെ വിദേശികൾക്ക് സംസ്ഥാന സർക്കാരുകളുടെ കൂടി അനുമതി ലഭിച്ചാൽ മാത്രമേ ഇന്ത്യൻ പൗരത്വം നല്കുകയുള്ളൂവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അന്തിമപട്ടിക തയാറായിട്ടില്ലെങ്കിലും, കരട് രജിസ്റ്ററിൽ പുറത്തായവരിൽ 28 ലക്ഷം പേർ ഹിന്ദുക്കളും 10 ലക്ഷം മുസ്ലിംങ്ങളും ബാക്കി മറ്റു വിഭാഗക്കാരുമാണ്. അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ സർക്കാർ കാണുന്നത്. ഇപ്പോഴത്തെ നിയമഭേദഗതിയനുസരിച്ച് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പൗരത്വം ലഭിക്കും. മുസ്ലിംങ്ങളെക്കുറിച്ചു പരാമർശമില്ലാത്തതുകൊണ്ട് അവർ ഒഴിവാക്കുകയും ചെയ്യും. അങ്ങനെ, പൗരത്വ നിയമഭേദഗതി ബിൽ അസമിലെ 10 ലക്ഷം മുസ്ലിംങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നാണു വിമർശനം.

ഏകീകൃത സിവിൽ കോഡ് നിയമം

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരംതിരിവില്ലാതെ രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവിൽ കോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ നിയമം. മതാടിസ്ഥാനത്തിൽ നിലവിലുള്ള വ്യക്തിനിയമങ്ങൾ സിവിൽ കോഡ് വരുമ്പോൾ ഏകീകരിക്കപ്പെടുമെന്നുള്ളതാണ് നിയമത്തിന്റെ വെല്ലുവിളികളിലൊന്നായി കണക്കാക്കുന്നത്. ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, മുസ്ലീം, ക്രിസ്ത്യൻ മതാചാരപ്രകാരമുള്ള നിയമങ്ങൾ പാലിക്കണമെന്ന് നിർബന്ധം പിന്നീടുണ്ടാകില്ല. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ പിന്തുടരാനും പൗരൻമാർക്ക് മൗലീക അവകാശമുള്ള രാജ്യമാണ് ഇന്ത്യ. ഒന്നുകിൽ ഈ വ്യക്തിക്ക് നിയമങ്ങളെല്ലാം അസാധുവാക്കി ഒരു സിവിൽ കോഡ് രൂപീകരിക്കാം. അല്ലെങ്കിൽ ചില വിഷയങ്ങളിൽ മാത്രം ഏകീകൃത സ്വഭാവം നിലനിർത്തി വ്യക്തിനിയമങ്ങൾ പ്രത്യേക വിഭാഗമാക്കി ഉൾപ്പെടുത്തി സിവിൽ കോഡിന് രൂപംനല്കാം. എന്നാൽ ഇതിലൂടെ ബിജെപിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുള്ള മാർഗം മാത്രമാണെന്നാണ് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക.

ദുരിതത്തിലായി ന്യൂനപക്ഷങ്ങളും

ക്രൈസ്തവ, ദളിത്, മുസ്ലീം വിഭാഗങ്ങളെയും ഉന്നംവച്ചുള്ള പ്രവർത്തനങ്ങളുടെ എണ്ണവും രാജ്യത്ത് വർധിക്കുകയാണ്. 2014 ൽ 127 അക്രമങ്ങളാണ് രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടന്നത്. 2022 ൽ 600 കേസുകൾ ഉത്തർപ്രദേശിൽ മാത്രം ക്രൈസ്തവർക്കെതിരെ ഉണ്ടായി. ഇതിൽ 182 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായും പ്രതിഷേധക്കാർ പറയുന്നു. 2020 ലും 21 ലും ക്രിസ്തുമസിന് മുന്നോടിയായി 104 അക്രമങ്ങൾ നടന്നു. 2014 ന് ശേഷം ഓരോ വർഷവും രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്ന് കണക്കുകൾ തന്നെ പറയുന്നുണ്ട്.

അമേരിക്കയിൽ മലയാളികൾ ഉൾപ്പെടുന്ന ഒരു ക്രിസ്ത്യൻ സംഘടനയായ ഫിയാകോന (ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് അമേരിക്ക) 2023 ൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2022 ൽ ഇന്ത്യയിൽ ഹിന്ദുത്വ തീവ്രവാദികളാൽ 1198 ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ടതായാണ് കണക്ക്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അക്രമങ്ങളിൽ 157 ശതമാനം വർധന ഉണ്ടായതായും പറയുന്നു. ദേശീയ സുരക്ഷ ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതരെ തടവിലാക്കുന്നതും അടുത്തിടെ വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. 2022 ൽ 88 പുരോഹിതന്മാരും പാസ്റ്റർമാരും ആക്രമിക്കപ്പെട്ടു. 88 പള്ളികൾ തകർക്കപ്പെട്ടു. ഇതിനൊന്നും കാരണമായവർ പിടിക്കപ്പെട്ടിട്ടില്ല എന്നത് ഏറെ വിചിത്രവുമാണ്. 2023 ലെ ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലുടനീളം ക്രൈസ്തവർക്കെതിരെ 200 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡൽഹി അതിരൂപതയുടെ ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളും ക്രൈസ്തവ സഭാ ചരിത്രത്താളുകളിൽ ഇടംനേടിയിട്ടുണ്ട്.

ദളിത് മുസ്ലീം സമുദായത്തിലെ ആളുകളോടും സർക്കാരും പൊലീസ് ഉദ്യോഗസ്ഥരും വലിയ അതിക്രമങ്ങളാണ് നടപ്പാക്കുന്നത്. കള്ളക്കേസുകളിൽ കുടുക്കിയും വീടുകളിൽ കയറി അക്രമിച്ചും മോശമായി പെരുമാറിയും നിരന്തരം പീഡിപ്പിക്കുകയാണ്. ഈ വിഷയങ്ങൾ ഉന്നത തലത്തിൽ ചർച്ച ചെയ്യപ്പെടുന്നില്ലെന്നതും നടപടികൾ സ്വീകരിക്കുന്നില്ലെന്നതും കൗര്യഗൗരവം വർധിപ്പിക്കുന്നു. 2018 മുതൽ 2021 വരെ 1,89,945 കേസുകളാണ് ദളിത് വിഭാഗത്തിലുള്ളവർക്കെതിരെ രാജ്യത്ത് രജിസ്റ്റർ ചെയ്തത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം കേന്ദ്ര ഗവൺമെന്റ് പാർലമെന്റിൽ വെളിപ്പെടുത്തിയ കണക്കുകളാണിവ. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഉത്തർ പ്രദേശിലാണ്. 2020ൽ 12,714 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2021ൽ 13,146 കേസുകളായി കൂടി. മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാന്റ്, ലക്ഷദ്വീപ് ആൻഡമാൻ നികോബാർ എന്നിവിടങ്ങളിൽ ഒരു കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാമനവമി ആഘോഷങ്ങൾക്കിടയിൽ രാജ്യത്ത് പരക്കെ അതിക്രമം പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായി പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മുസ്ലീം പള്ളികൾ ആക്രമിക്കുകയും ചെയ്തു. പശു കടത്ത് ആരോപിച്ച് കർണാടകയിലും മഹാരാഷ്ട്രയിലും മുസ്ലീം യുവാക്കളെ കൊലപ്പെടുത്തിയതും രാജ്യത്തെ മതസ്പർധയുടെ ആഴം വ്യക്തമാക്കുന്നു.


#Daily
Leave a comment