IMAGE: PTI
ആശുപത്രികളിലെ അക്രമം; തടവ് അഞ്ചുവർഷമായി ഉയർത്തും, പി ജി ഡോക്ടർമാർ സമരം പിൻവലിച്ചു
ആരോഗ്യസ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ അക്രമം നടത്തുന്നവർക്കുളള തടവുശിക്ഷ അഞ്ചുവർഷമായി ഉയർത്താൻ തീരുമാനം. നിലവിലെ നിയമപ്രകാരം പരമാവധി ശിക്ഷ മൂന്നുവർഷം തടവും 50,000 രൂപ പിഴയുമാണ്.
നിലവിലെ നിയമങ്ങൾ ശക്തമല്ലെന്ന ഡോക്ടർമാരുടെ സംഘടനകളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് കരട് ഓർഡിനൻസ് തയാറാക്കാൻ ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നിയമ, ആരോഗ്യവകുപ്പുകൾ കൂടി ചർച്ച ചെയ്തശേഷം കരട് അന്തിമമാക്കി അടുത്തയാഴ്ച മന്ത്രിസഭായോഗത്തിൽ സമർപ്പിക്കും. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവനസ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൊണ്ടുവന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും നടത്തിയ സമരം പൂർണമായി പിൻവലിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണി മുതൽ ജോലിക്ക് കയറുമെന്നും അറിയിച്ചിട്ടുണ്ട്. സർക്കാർ നൽകിയ ഉറപ്പുകൾ മാനിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും സമരം പിൻവലിച്ചത്. വന്ദനയുടെ മരണത്തെ തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിലുടനീളം ഒപികൾ പ്രവർത്തിച്ചില്ല. ഡോക്ടർമാർക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് മാർച്ച് 17 നും ഐഎംഎയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സമരപരിപാടികൾ നടന്നിരുന്നു.
ആശുപത്രി സംരക്ഷണത്തിന് ഓർഡിനൻസായി
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കും. ഓർഡിനൻസിൽ ഹൈക്കോടതി നിർദേശങ്ങളും ഉൾപ്പെടുത്തും. സർക്കാർ ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നല്കിയിരുന്നു. മരണഭയം കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങൾക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.
നിമഭേദഗതികൾ ഇങ്ങനെ
നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകരായി പരിഗണിക്കപ്പെടുന്നത്. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ എന്നിവരടക്കം ആശുപത്രി ജീവനക്കാർക്കെല്ലാം പരിരക്ഷ ലഭിക്കും. ആരോഗ്യസ്ഥാപനങ്ങളിലെ ഉപകരണങ്ങൾക്ക് നാശനഷ്ടം വരുത്തിയാൽ അവയുടെ വിലയുടെ ഇരട്ടി ഈടാക്കാനുള്ള വ്യവസ്ഥകൾ നിലവിലുണ്ട്. നഷ്ടപരിഹാരം നൽകാത്തവരിൽ നിന്ന് റവന്യൂ റിക്കവറിയിലൂടെ ഈടാക്കാനുമാകും. അക്രമികൾക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കാൻ നിലവിൽ വ്യവസ്ഥകളുണ്ടെങ്കിലും നിയമം കൂടുതൽ കർശനമാക്കാനും നിയമവകുപ്പ് പരിഗണിക്കുന്നുണ്ട്. കൂടാതെ അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കാനും പ്രത്യേക വിചാരണ കോടതികൾ വഴി ഒരു കൊല്ലത്തിനകം ശിക്ഷാവിധി പ്രഖ്യാപിക്കാനുമുള്ള സംവിധാനങ്ങളും നിയമവകുപ്പ് പരിഗണിക്കുന്നുണ്ട്.
സംഭവത്തിൽ അന്വേഷണം കൊല്ലം റൂറൽ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. വെള്ളിയാഴ്ച ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കൊല്ലം റൂറൽ എസ്പി എം.എൽ സുനിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കൊല്ലം റൂറൽ ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. എഫ്ഐആറിലെ പിഴവുകൾ ഉൾപ്പെടെ പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
റിമാന്റിലുള്ള പ്രതി സന്ദീപിനെ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി പോലീസ് അറിയിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതിയെ ഇരുപത്തിനാല് മണിക്കൂറും പോലീസ് നിരീക്ഷിച്ചു വരികയാണ്. പൂജപ്പുര സെൻട്രൽ ജയിലിൽ പ്രത്യേക മുറിയിൽ ക്യാമറാ നിരീക്ഷണത്തിൽ കഴിയുന്ന ഇയാൾക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളും ഇല്ലെന്ന നിലപാടിൽ ഉറച്ചിരിക്കുകയാണ് പോലീസ്. പ്രതി ലഹരി വസ്തുക്കൾ ഉപയോഗിച്ചതിനുള്ള തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടു ദിവസത്തിനുള്ളിൽ ഇയാളെ കൗൺസിലിങ്ങിന് വിധേയമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.