REPRESENTATIONAL IMAGE: PTI
മണിപ്പൂര്‍ സന്ദര്‍ശിച്ചത് സൈന്യത്തിന്റെ ക്ഷണപ്രകാരം: ഇജിഐ സുപ്രീംകോടതിയില്‍
മണിപ്പൂര്‍ സന്ദര്‍ശിച്ചത് സൈന്യത്തിന്റെ ക്ഷണപ്രകാരം എന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ (ഇജിഐ) സുപ്രീംകോടതിയെ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളുടെ അധാര്‍മ്മികമായ റിപ്പോര്‍ട്ടിങ് വസ്തുനിഷ്ഠമായി വിലയിരുത്താനാണ് സൈന്യം ആവശ്യപ്പെട്ടത്, മണിപ്പൂരിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സൈന്യത്തില്‍ നിന്നും കത്തുലഭിച്ചതായും ഇജിഐ വ്യക്തമാക്കി. ഇജിഐക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്.
ഇജിഐയുടെ പ്രതിനിധികളോട് മണിപ്പൂരിലേക്ക് പോകാന്‍ സൈന്യം എന്തിന് ആവശ്യപ്പെട്ടു എന്നതില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു. ഇതിനു മറുപടിയായി 'മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് വസ്തുനിഷ്ഠമായി വിലയിരുത്തണം എന്ന് അവര്‍ ആഗ്രഹിച്ചു' എന്നാണ് കപില്‍ സിബല്‍ കോടതിയോട് പറഞ്ഞത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് അധികം വൈകാതെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മണിപ്പൂര്‍ പൊലീസ് കേസെടുത്തു, മുഖ്യമന്ത്രി എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരായ പ്രതികരണവും നടത്തി, ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതുകൊണ്ട് ഞങ്ങളെ വിചാരണ ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുക എന്നും എഡിറ്റേഴ്‌സ് ഗില്‍ഡിനു വേണ്ടി കപില്‍ സിബല്‍ കോടതിയോട് ചോദിച്ചു.
ഇജിഐക്കെതിരെയുള്ള എഫ്‌ഐആറുകള്‍ റദ്ദാക്കണം എന്ന ഹര്‍ജി മണിപ്പൂര്‍ ഹൈക്കോടതിയില്‍ നിന്നും ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യവും സുപ്രീംകോടതി പരിശോധിക്കും. കേസിന്റെ വാദം കോടതി സെപ്തംബര്‍ 15 ലേക്ക് മാറ്റിയിട്ടുണ്ട്. കേസ് ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ റദ്ദാക്കുന്നില്ല, ഡല്‍ഹി ഹൈക്കോടതിക്ക് ഹര്‍ജി കേള്‍ക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മണിപ്പൂരിലെ വംശീയ കലാപസമയത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഇജിഐ യുടെ റിപ്പോര്‍ട്ട് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിക്കുന്നതായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ വസ്തുതാന്വേഷണ സംഘത്തിലെ മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, ഭരത് ഭൂഷണ്‍, സഞ്ജയ് കപൂര്‍ എന്നിവര്‍ക്കെതിരേയും ഇജിഐയുടെ പ്രസിഡന്റ് സീമ മുസ്തഫക്കെതിരേയും മണിപ്പൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ ഇജിഐ സുപ്രീംകോടതിയെ സമീപിച്ചു.
മാധ്യമങ്ങള്‍ നല്‍കിയത് ഏകപക്ഷീയമായ റിപ്പോര്‍ട്ടുകള്‍
മണിപ്പൂര്‍ കലാപത്തെ കുറിച്ച് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ ഏകപക്ഷീയമായതാണെന്നാണ് എഡിറ്റേഴ്സ് ഗില്‍ഡ് റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായാണ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ വസ്തുതാന്വേഷണ സംഘം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തതിന് പത്തിലധികം ഉദാഹരണങ്ങളും വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ സുരക്ഷാ സേനയെ, പ്രത്യേകിച്ച് അസം റൈഫിള്‍സിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും അസം റൈഫിള്‍സിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ മണിപ്പൂര്‍ പൊലീസിനെ അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരും അപകീര്‍ത്തിപ്പെടുത്തലിനെ നിശബ്ദമായി പിന്തുണച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസം റൈഫിള്‍സിന് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്തകള്‍ വളച്ചൊടിച്ചു
മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. മെയ്തെയ് വിഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മറച്ചുവെച്ചു, കുക്കി വിഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമായി വളച്ചൊടിച്ചു, കുക്കികളെ ജീവനോടെ കത്തിച്ചതും അക്രമിക്കുന്നതുമായ പല വാര്‍ത്തകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്നും എഡിറ്റേഴ്സ് ഗില്‍ഡ് പറയുന്നു. സംഘര്‍ഷ സമയത്ത് വാര്‍ത്തകള്‍ ക്രോസ് ചെക്ക് ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സംഘര്‍ഷം ആരംഭിച്ച മെയ് ആദ്യം മുതല്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിങ്ങ് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. വേണ്ടരീതിയിലുള്ള ആശയവിനിമയം ഇല്ലാതെ ശേഖരിച്ച വാര്‍ത്തകളാണ് പലതും. സംഘര്‍ഷ സാഹചര്യത്തെ വിലയിരുത്താന്‍ ഇത്തരം വാര്‍ത്തകള്‍ പര്യാപ്തമല്ല. മെയ് മൂന്നിന് കലാപം ആരംഭിച്ചതോടെ കുക്കി ഭൂരിപക്ഷ ജില്ലകളായ ചുരാചന്ദ്പൂര്‍, കാങ്പോക്പി തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങ് ഇല്ലാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വംശീയ കലാപം നടക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ സമീപനം പോരായ്മയുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.