TMJ
searchnav-menu
post-thumbnail

Outlook

വിവാൻ സുന്ദരം: വിമോചന പ്രതീക്ഷകൾ

03 Apr 2023   |   2 min Read
മാങ്ങാട് രത്നാകരൻ

വിവാൻ സുന്ദരം (1943-2023) ചരിത്രത്തിലും കലാചരിത്രത്തിലും വിലയിക്കുന്നതോടെ ഇന്ത്യൻ കലയിലെ സമകാലീനതയുടെയും ജാഗ്രതയുടെയും പ്രതിരോധത്തിന്റെയും ഒരു കാലഘട്ടം അവസാനിക്കുന്നു. മരണത്തോടെ മാത്രമേ ഒരാൾക്ക് ഒരു സ്വഭാവം വരുന്നുള്ളൂ എന്ന സാർത്രിന്റെ വിലയിരുത്തൽ നിർദ്ദയമെന്നു തോന്നാമെങ്കിലും താത്ത്വികമായി അതൊരു സത്യപ്രസ്താവം മാത്രമാണ്. ഒരു കലാകാരന്റെ സർഗ്ഗാവിഷ്കാരം അതിന്റെ സാകല്യത്തിൽ ഒരു വൃത്തം പൂർത്തിയാക്കിയിരിക്കുന്നു.

ആധുനിക ഇന്ത്യൻ ചിത്രകലയുടെ വിവിധങ്ങളായ ധാരയിൽ രാഷ്ട്രീയോന്മുഖമായ കലയോടു തോൾ ചേർത്താണ് വിവാൻ നടന്നത്. 'വ്യക്തിപരമായത് രാഷ്ട്രീയമാണ്' എന്ന ശരിയായ സൂക്ഷ്മാർത്ഥത്തിലല്ലാതെ, പ്രത്യക്ഷമായ രാഷ്ട്രീയകലയിലാണ് വിവാൻ വ്യാപരിച്ചത്. ഈ കലാകാരന്റെ ജീവിതമുഹൂർത്തങ്ങളും കാഴ്ചപ്പാടുകളും സൗന്ദര്യസങ്കല്പങ്ങളും ഇടപെടലുകളുമെല്ലാം വിമോചന പ്രതീക്ഷയുടെ സാക്ഷ്യങ്ങളായാണ് ഞാൻ കാണുന്നത്, ഒരു കലാസ്വാദകനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും.

ഒന്നരമാസം മുമ്പ്, കൊച്ചി-മുസിരിസ് ബിനാലെയിൽ വിവാൻ സുന്ദരത്തിന്റെ രചനകളിലൂടെ കടന്നുപോകുമ്പോൾ മനസ്സു കലങ്ങിയിരുന്നു. "മാച്ചുപിച്ചുവിന്റെ ഉയരങ്ങൾ' പരമ്പരയായിരുന്നു വിവാന്റേത്. അന്നു രാവിലെ ദിനപത്രത്തിൽ പാബ്ലോ നെരൂദയെ പിനോഷെ ഭരണകൂടം വിഷം കുത്തിവച്ച് കൊല്ലുകയായിരുന്നു എന്നതിന്റെ ശാസ്ത്രീയമായ തെളിവുകൾ പുറത്തുവന്ന വാർത്ത വായിച്ചിരുന്നു. അതിന്റെ കലക്കങ്ങൾക്കിടയിലും ഭീമാകാരനായ ആ ചിലിയൻ മഹാകവിയും "മാച്ചുപിച്ചു' എന്ന ഉജ്ജ്വലമായ ആ കാവ്യത്തിന്റെ ആവിഷ്കാരവും വിവാന്റെ രചനകളിൽ നിറഞ്ഞുനിന്ന്, സാഹോദര്യത്തിന്റെ ഒരനുഭവം പഞ്ചം സൃഷ്ടിച്ചു. ഉള്ളുപൊള്ളയായ സമകാലീന ജീവിതത്തെ രാഷ്ട്രീയവും സർഗ്ഗാത്മകവുമായി അഭിമുഖീകരിക്കാത്തതുകൊണ്ടാകാം, നിറവു നഷ്ടപ്പെട്ട, സ്വകാര്യതകളിലേക്കു ചുരുങ്ങിയ കലാരചനകൾക്കിടയിൽ വിവാന്റെ മാച്ചുപിച്ചു, ആ പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ തലയെടുപ്പോലെ, ആദിമ പൗഡിയോടെ നിലകൊണ്ടു. 


വിവാൻ സുന്ദരം: Photo: Twitter

എന്റെ ഡൽഹി ജീവിതകാലത്ത് സുഹൃത്തുക്കളുമായുള്ള കലാസംഭാഷണങ്ങളിൽ വിവാൻ സുന്ദരം പലപ്പോഴും കടന്നുവന്നിരുന്നു. നേരിൽ കാണുന്നത് സുഹൃത്തായ ശില്പി കെ.പി.കൃഷ്ണകുമാറിന്റെ ആത്മഹത്യയെത്തുടർന്ന് ലളിതകലാ അക്കാദമിയിൽ നടന്ന അനുശോചനച്ചടങ്ങിലാണ്. കൃഷ്ണകുമാ റുമായുള്ള സൗഹൃദവും കലാചരിത്രപരവും രാഷ്ട്രീയവുമായ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തീപടർന്ന സംവാദവും ഉള്ളുതുറന്നു പങ്കുവച്ച വിവാനെ, ഉള്ളുകൊണ്ട് അടുത്തറിഞ്ഞു. 

വിവാനെ നേരിൽ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യുന്നത് കലാനിരൂപകയും വിവാന്റെ ജീവിതപങ്കാളിയുമായ ഗീതാ കപൂർ ഡൽഹിയിൽ ഒരുക്കിയ, ലോകോത്തര ചിത്രകാരൻ പീറ്റർ ഡി ഫാൻസിയയുടെ ചിത്രപ്രദർശനവേളയിലാണ് (1990). വിഖ്യാതനായ ആ കലാകാരൻ അന്ന് മിറോ സ്ലാവ് ഹോളുബിന്റെ "സ്കിന്നിംഗ്' എന്ന ജ്വാലാമുഖിയായ കവിത വായിച്ചത് കൊത്തിവച്ചതുപോലെ മനസ്സിലുണ്ട്. ലോകത്തിലെ ഇടതുപക്ഷ പ്രതിരോധ-വിപ്ലവപ്രസ്ഥാനങ്ങളോടു ചേർന്നുനിന്ന പീറ്റർ ഡി ഫ്രാൻസിയ, വിവാനെപ്പോലെ തന്നെ ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ആർട്സിൽ പഠിച്ച കലാകാരനായിരുന്നുവെന്നതു യാദൃച്ഛികമാവാമെങ്കിലും അവരിരുവരുടെയും രാഷ്ട്രീയ ബോധ്യങ്ങൾ സമകാലീന ചരിത്രത്തിൽ വേരുപിടിച്ചവയായിരുന്നു. കലാചരിത്രത്തിലെന്നപോലെ, ചലച്ചിത്രചരിത്രത്തിലും വിവാനുള്ള അവഗാഹം മാമൂലുകളിൽ നിന്നു മുക്തമായ കലാസങ്കേതങ്ങളിലൂടെ സ്വയം ആവിഷ്കരി ക്കാൻ വിവാനു വഴിയൊരുക്കി. വിവാൻ സമകാലീന ലോകകലയുടെ ഒപ്പം നടന്നു, അതിന്റെ കെട്ടുകാഴ്ചകളിൽ അഭിരമിച്ചതുമില്ല.

വിവാന്റെ കലാരചനകളെ ഇഴകീറി പരിശോധിക്കേണ്ട സന്ദർഭമല്ല ഇത്. വിവാൻ സ്മൃതിയുടെ ഒരല മാത്രം വാക്കുകളിൽ പകരുന്നുവെന്നു മാത്രം. ഞാൻ വിട്ടുപോന്ന ഡൽഹിയിലേയ്ക്ക് ഏഴുവർഷം മുമ്പ് ചെന്നപ്പോൾ വിവാൻ സുന്ദരത്തെ കാണുകയും ദീർഘമായി സംസാരിക്കുകയും ആ സംഭാഷണം ചിത്രീ കരിക്കുകയുമുണ്ടായി. കെ.പി.കൃഷ്ണകുമാറിന്റെ കലയെക്കുറിച്ചും ഇന്ത്യൻ ശില്പകലയിലെ വിഗ്രഹ ഭഞ്ജകനായ ആ കലാകാരനുമായുള്ള തീവ്രസൗഹൃദത്തെക്കുറിച്ചും വിവാൻ സംസാരിച്ചത് ഞാൻ സൂക്ഷിച്ചുവച്ചിരുന്നു. ഈ സന്ദർഭത്തിൽ കലാസ്വാദകർക്കായി, വിവാനെ പ്രണമിച്ചുകൊണ്ട്, ഈ ദൃശ്യ രേഖ അവതരിപ്പിക്കട്ടെ. 

#outlook
Leave a comment