
വിഴിഞ്ഞം: വരുമാനത്തിന്റെ 20% കേന്ദ്രത്തിന്; കരാര്‍ ഇന്നൊപ്പിടും
കേന്ദ്ര സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിന് പകരമായി തുറമുഖത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രത്തിന് നല്‍കാമെന്നുള്ള കരാറില്‍ ഇന്ന് സംസ്ഥാനം ഒപ്പുവയ്ക്കും. കേന്ദ്രം നല്‍കുന്ന 817.80 കോടി രൂപയ്ക്ക് പകരമായി ഏകദേശം 10,000 കോടിയോളം രൂപ സംസ്ഥാനം നല്‍കണം.
രണ്ട് കരാറുകളാണ് ഇന്ന് ഒപ്പുവയ്ക്കുന്നത്. വയബിലിറ്റി ഫണ്ട് സ്വീകരിക്കുന്നതിനും വരുമാനം പങ്കിടാനുമുള്ള കരാറുകളാണ് ഒപ്പിടുന്നത്.
കേന്ദ്ര സര്‍ക്കാരും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോഷ്യവും അടങ്ങിയ ത്രികക്ഷി കരാറും കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കരാറുമാണ് ഒപ്പിടുന്നത്.
വരുമാനം പങ്കിടാനുള്ള കരാര്‍ വി എന്‍ വാസവന്റെ സാന്നിദ്ധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഒപ്പിടും.
അദാനിയുമായുള്ള കാരാര്‍ പ്രകാരം സംസ്ഥാനത്തിന് വരുമാനം ലഭിച്ച് തുടങ്ങുന്നത് 2034ല്‍ ആണ്. ഇതില്‍ നിന്നും 20 ശതമാനം അതേ വര്‍ഷം മുതല്‍ കേരളം കേന്ദ്രത്തിന് നല്‍കണം.