TMJ
searchnav-menu
post-thumbnail

TMJ Daily

വിഴിഞ്ഞം തുറമുഖം; പുനരാരംഭിക്കുന്നത് പ്രാചീന സമുദ്ര വ്യാപാരത്തിന്റെ ആധുനികയുഗം

01 May 2025   |   4 min Read
TMJ News Desk

പ്രാചീന കാലത്തെ സമുദ്ര വ്യാപാരത്തില്‍ കേരളത്തിനുണ്ടായിരുന്ന അന്താരാഷ്ട്ര ബന്ധങ്ങളുടെ പെരുമ തിരിച്ചു പിടിക്കാന്‍ സംസ്ഥാനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലൂടെ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണ്ണായക പങ്കാളിത്തത്തോടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ ദിശാബോധം നല്‍കുന്ന, തന്ത്രപരമായ സമുദ്ര സാന്നിദ്ധ്യം ഉറപ്പിക്കുന്ന, ആഗോള വ്യാപാരത്തിന്റെ ഭാവിയെ പുല്‍കുന്ന ഒരു ചരിത്ര നിമിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിന്റെ ചരിത്ര പ്രധാനമായ സാമൂഹ്യസാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന യാത്ര ആരംഭിക്കാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും കൂടുതല്‍ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന ഒരു പുതിയ കവാടമായി ഈ തുറമുഖം മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുയുഗത്തില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ട ആദ്യ കപ്പല്‍ ഷെന്‍ഹുവ എന്ന ചൈനീസ് കപ്പലാണ്. 2023 ഒക്ടോബര്‍ 15 നാണ് പ്രാചീന ചൈനീസ് സമുദ്ര വ്യാപാര ബന്ധം സംസ്ഥാനം ആധുനിക യുഗത്തിലേക്ക് പറിച്ചുനട്ടത്. ഇതോടെ 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ വന്നു തുടങ്ങിയത്. 2024 ഡിസംബര്‍ 3 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍  പ്രവര്‍ത്തനം തുടങ്ങി. മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയല്‍ റണ്‍ വേളയില്‍ത്തന്നെ 272 ല്‍ പരം കൂറ്റന്‍ കപ്പലുകള്‍ വിഴിഞ്ഞത്തെത്തി. ഈ ഘട്ടത്തില്‍ തന്നെ അഞ്ചര ലക്ഷത്തിലധികം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തതും തുറമുഖത്തിന്റെ അനന്തമായ സാധ്യതയാണ് കാട്ടിത്തരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൂര്‍ണമായും ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോര്‍ ക്രെയിനുകളും വിഴിഞ്ഞത്തെ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയും സുരക്ഷയും നല്‍കുന്നു. ഐഐടി മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എ.ഐ അധിഷ്ഠിത വെസ്സല്‍ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം സുരക്ഷയും ഏകോപനവും ഉറപ്പാക്കുന്നു.

വിജിഎഫ് കരാര്‍ ഒപ്പിട്ടതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. തുറമുഖം രാഷ്ടത്തിന് സമര്‍പ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയില്‍ കേരളം എന്ന പേര് തങ്കലിപികളില്‍ എഴുതപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളില്‍ കണ്ടെയിനര്‍ ചരക്കു നീക്കങ്ങളില്‍ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം ഒരു ലക്ഷം ടി ഇ യു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.  ഇന്ത്യയില്‍ ഇതുവരെ എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന എം എസ് സി തുര്‍ക്കിയെ ഉള്‍പ്പെടെ വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ ജേഡ് സര്‍വീസിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉള്‍പ്പെടുത്തിയത് മറ്റൊരു സുപ്രധാന നേട്ടമാണ്. എം എസ് സിയുടെ പ്രധാന ചരക്ക് ഗതാഗത പാതയായ ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പിനെ ചുറ്റി യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്ക് പോകുന്ന കപ്പല്‍ പാതയിലെ പ്രധാന സര്‍വീസുകളില്‍ ഒന്നാണ് ജേഡ് സര്‍വീസ്. ഈ സര്‍വീസിലെ ദക്ഷിണ ഏഷ്യയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്.

ലോകത്തിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഈ ചരക്ക് സര്‍വീസില്‍, വലിയ കപ്പലുകള്‍ക്ക് ബെര്‍ത്ത് ചെയ്യാന്‍ കഴിയുന്നതും ഉയര്‍ന്നതോതില്‍ കണ്ടെയ്‌നറുകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുന്നതുമായ തുറമുഖങ്ങളെ മാത്രമാണ് എം എസ് സി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ പട്ടികയിലേക്ക് ട്രയല്‍ റണ്‍ ഘട്ടത്തില്‍ തന്നെ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തിയെന്നത് വലിയ നേട്ടമാണ്. ഇതോടെ ദക്ഷിണേഷ്യയിലുള്ള ചൈനയിലെ ക്വിങ്ദാവോ, നിങ്‌ബോഷൗഷാന്‍, ഷാങ്ഹായ്, യാന്റിയന്‍ ദക്ഷിണ കൊറിയയിലെ ബുസാന്‍, സിംഗപ്പൂര്‍  എന്നീ വന്‍കിട തുറമുഖങ്ങളുടെ കൂട്ടത്തിലേക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എത്തിച്ചേരുന്നത്. സിംഗപ്പൂരില്‍ നിന്നും വിഴിഞ്ഞത്തെത്തുന്ന എം എസ് സി കപ്പല്‍ അവിടെ നിന്നും സ്‌പെയിനിലെ വലന്‍സിയ തുറമുഖത്തേക്കും തുടര്‍ന്ന് ബാഴ്‌സലോണ തുറമുഖം വഴി അവസാന കേന്ദ്രമായ ഇറ്റലിയിലെ ജിയോയ ടൗറോ തുറമുഖത്തേക്കുമാണ് പോകുന്നത്.

ജേഡ് സര്‍വീസില്‍ ഇടം പിടിച്ചതോടെ ദക്ഷിണ ഏഷ്യയുടെ ചരക്കു ഗതാഗത മുഖമായി വിഴിഞ്ഞം മാറുകയാണ്. ഇതോടെ ഇന്ത്യയിലേക്കു വരുന്ന കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് വന്നു കേന്ദ്രീകരിക്കുകയും ചെറു കപ്പലുകളായി മറ്റു തുറമുഖങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന രീതിയിലേക്ക് മാറും.

പദ്ധതിയില്‍ അറുപത് ശതമാനത്തിലേറെ നിക്ഷേപം നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്  അധികാരമോ ലാഭ വിഹിതമോ ഇല്ലാത്ത കരാറായിരുന്നു നേരത്തെ ഒപ്പിട്ടത്. 40 വര്‍ഷത്തേക്കുള്ള ആ കരാര്‍ പ്രകാരം ബി.ഒ.ടി വ്യവസ്ഥയിലുള്ള പദ്ധതിയില്‍ 20 വര്‍ഷം സര്‍ക്കാരിന് ലാഭവിഹിതം ഇല്ലാത്ത നിലയായിരുന്നു. ഇരുപത്തിയൊന്നാമത്തെ വര്‍ഷം മാത്രം 1 % ലാഭവിഹിതം ലഭിക്കും. പിന്നീട് ഒരോവര്‍ഷവും 1% വീതം അധിക ലാഭവിഹിതം. കരാറില്‍ നിന്ന് പിന്മാറിയാല്‍ സര്‍ക്കാര്‍ വന്‍ നഷ്ടപരിഹാരം നല്‍കേണ്ട വ്യവസ്ഥയുമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി മുന്നില്‍ കണ്ടുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവെച്ചതിന്റെ പ്രാധാന്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലവിധ കാരണങ്ങളാല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ വൈകിയ സാഹചര്യത്തില്‍ തുറുമുഖത്തില്‍ നിന്നുളള വരുമാനം സംസ്ഥാനത്തിന് 2039ല്‍ മാത്രമേ ലഭിക്കു എന്നതായിരുന്നു നേരത്തെയുള്ള സാഹചര്യം. അതായത് പഴയ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക.

ഇപ്പോള്‍ ഒപ്പുവെച്ച  സപ്ലിമെന്ററി കരാര്‍ പ്രകാരം 2034 മുതല്‍ സര്‍ക്കാരിന് വരുമാനം ലഭിച്ച് തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, മൂലകരാര്‍ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്റെ അന്തിമഘട്ടം പൂര്‍ത്തിയാക്കേണ്ടത് 2045 ല്‍ ആയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവെച്ച സപ്ലിമെന്ററി കരാര്‍ പ്രകാരം 2028 ല്‍ തന്നെ എല്ലാവിധമായ നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയാവും. സംസ്ഥാന സര്‍ക്കാരും അദാനി കമ്പനിയും തമ്മിലുളള ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം നിശ്ചയിച്ച സമയക്രമത്തിനേക്കാള്‍ വേഗത്തിലായത്. അതായത്  2045 ല്‍ മാത്രം തീരേണ്ട പദ്ധതി 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ്  2028ല്‍ തന്നെ തീരുന്ന നിലയുണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2028 നകം തുറമുഖ നിര്‍മ്മാണത്തിന്റെ അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും.  ഇതിനായി 10,000 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഈ തുക പൂര്‍ണ്ണമായും അദാനി പോര്‍ട്‌സ് ആയിരിക്കും വഹിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം ഒരു യഥാര്‍ത്ഥ മള്‍ട്ടിമോഡല്‍ ഹബ്ബാണ്. ദേശീയ പാത 66ലേക്ക് ചുരുങ്ങിയ സമയത്തില്‍ പ്രവേശനം സാധ്യമാക്കുന്ന റോഡ് കണക്ടിവിറ്റി, ഭാവിയിലെ വര്‍ദ്ധിച്ച ചരക്ക് ഗതാഗതം സുഗമമാക്കാന്‍ കേരളത്തിലെ ആദ്യത്തെ ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ച് എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്ന റെയില്‍ പാത രാജ്യത്തിന്റെ റെയില്‍ ശൃംഖലയുമായി തുറമുഖത്തെ നേരിട്ട് ബന്ധിപ്പിക്കും. തുറമുഖത്തു നിന്നുംകേവലം 15 കീ.മി. ദൂരമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തുറമുഖത്തിന്റെ സംയോജിത കണക്റ്റിവിറ്റി പൂര്‍ണ്ണമാക്കുന്നു.

തുറമുഖം പൂര്‍ണ്ണ ശേഷി കൈവരിക്കുന്നതോടു കൂടി കേരളത്തില്‍ വലിയ തോതിലുള്ള വാണിജ്യ വ്യാവസായിക വളര്‍ച്ചയുണ്ടാകും. അങ്ങനെ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയായും സമൂഹത്തിന്റെ കൈത്താങ്ങ് എന്ന നിലയിലും വിഴിഞ്ഞം ഒരു ശക്തമായ സാമ്പത്തിക എഞ്ചിനായി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്കായി 61.83 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വി ജി എഫ് ഗ്രാന്റ് എന്ന സഹായത്തിനു പകരമായി, ലഭിക്കുന്ന ലാഭ വിഹിതത്തിന്റെ ഷെയര്‍ ആണ്  ചോദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതല്‍ മുടക്ക്. ഇതില്‍  5,370.86 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരും 2,497 കോടി രൂപ അദാനി പോര്‍ട്‌സും വഹിക്കും.

വിഴിഞ്ഞം ഇന്ത്യയിലെ ആദ്യ സെമിഓട്ടോമേറ്റഡ് തുറമുഖമാണ്. ഇത് പൂര്‍ണമായും ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റ് ചെയ്യുന്ന ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും ഉപയോഗിച്ച് കൂടുതല്‍ വേഗത്തിലും സുരക്ഷിതമായും കണ്ടെയ്‌നര്‍ കൈമാറ്റം നടത്തുന്നു. ടെര്‍മിനല്‍ ഓപ്പറേറ്റിങ് സിസ്റ്റവുമായി (ടി.ഒ.എസ്) ചേര്‍ന്ന അത്യാധുനിക ഓട്ടോമേഷന്‍ സാങ്കേതികവിദ്യകള്‍ ഈ തുറമുഖം കപ്പലുകളുടെ തിരികെ പോയ സമയം കുറച്ച് പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. പരമ്പരാഗതമായി പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ജോലിയായ സി ആര്‍ എം ജി ക്രെയിന്‍ ഓപ്പറേറ്ററായി സ്ത്രീകളെ, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളി സമുദായത്തില്‍ നിന്നുള്ള സ്ത്രീകളെ നിയമിച്ച് വിഴിഞ്ഞം ദേശീയ തലത്തില്‍ ശ്രദ്ധ നേടി.

ഐ ഐ ടി മദ്രാസും മാരിടൈം ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് വികസിപ്പിച്ച, എ ഐ, റഡാര്‍, സെന്‍സര്‍ എന്നിവ ഉപയോഗിച്ച പുതിയ തലമുറ വെസ്സല്‍ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (വി ടി എം എസ്) കപ്പലുകളുടെ ചലനങ്ങള്‍ കൃത്യമായി നിയന്ത്രിക്കുന്നു.

പരീക്ഷണ പ്രവര്‍ത്തന വേളയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച തുറമുഖം, നേരിട്ട് 755ല്‍ അധികം തൊഴിലവസരങ്ങള്‍ ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 67% ജീവനക്കാരും കേരളത്തില്‍ നിന്നുള്ളവരാണ്. 35% പേര്‍ വിഴിഞ്ഞം തദ്ദേശീയരും. തുറമുഖ വികസനം നാടിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളര്‍ച്ച കൂടി പരിഗണിച്ചു കൊണ്ടാണ് എന്നതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.






#Daily
Leave a comment