വിഴിഞ്ഞം ശാന്തകുമാരി വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷ
വിഴിഞ്ഞം ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. വിഴിഞ്ഞം സ്വദേശിയായ റഫീക്ക, മകന്‍ ഷെഫീഖ്, സഹായിയായ അല്‍ -അമീന്‍ എന്നിവര്‍ക്കാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരായി കൊലപാതകം, മോഷണം, ഭവനഭേദനം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, എന്നിവയെല്ലാം സംശയാതീതമായി പ്രോസിക്യൂഷന്‍ തെളിയിക്കുകയായിരുന്നു.
വിഴിഞ്ഞം സ്വദേശിയായ 74 വയസ്സുകാരി ശാന്തകുമാരിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചവരാണ് പ്രതികള്‍. ശാന്തകുമാരി തൊട്ടടുത്തുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവരാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയിരുന്നു. 2022 ജനുവരി 14നാണ് പ്രതികള്‍ ശാന്തകുമാരിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം വീടിന്റെ മച്ചിന് മുകളില്‍ ഒളിപ്പിച്ചശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
ശാന്തകുമാരിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ വാടകക്കാരെയും കാണാതായതോടെ സംശയം ബലപ്പെട്ടു. ടൂറിസ്റ്റ് ബസ്സില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ കഴക്കൂട്ടത്ത് വച്ച് വിഴിഞ്ഞം പൊലീസ് പിടികൂടുകയായിരുന്നു.
14 വയസ്സുകാരിയെ കൊലപ്പെടുത്തിയതായി പ്രതികള്‍
ശാന്തകുമാരി വധക്കേസില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ 14 വയസ്സുകാരിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കാര്യം പ്രതികള്‍ വെളിപ്പെടുത്തുന്നത്. ഈ കേസിലും റഫീക്കയും മകനും വിചാരണ നേരിടുന്നുണ്ട്.