
വിഴിഞ്ഞം കേരളത്തെ ഒരു ട്രില്യൺ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കും: കെ എന്‍ ബാലഗോപാല്‍
ലോകത്തിലെ ആകെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പുമെന്റുകളില്‍ 15 ശതമാനം കൈകാര്യം ചെയ്യുന്ന തരത്തില്‍ വിഴിഞ്ഞത്തെ വികസിപ്പിക്കുമെന്നും കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഒരു ട്രില്യൺ ഡോളര്‍ മൂല്യമുള്ളതായി വളരാന്‍ വിഴിഞ്ഞം സഹായിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകും. ആഗോള തുറമുഖ വാണിജ്യ വ്യാപാര മേഖലയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ വിഴിഞ്ഞം നേടിക്കൊടുക്കും.
ഇന്ത്യയിലെ ആദ്യത്തേതും ഏകവുമായ ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞം. ലോകത്ത് ആകെ 53 തുറമുഖങ്ങളാണ് ഓട്ടോമേറ്റഡ് ആയിട്ടുള്ളത്.
ദുബായ്, കൊളംബോ തുറമുഖങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ വിഴിഞ്ഞം തുറമുഖം വളരും. പ്രകൃതിദത്തമായ തരത്തില്‍ 20 മീറ്ററോളം ആഴമുള്ളതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ മദര്‍വെസ്സലുകള്‍ക്കും അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നറുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാന്‍ സാധിക്കും. നിലവില്‍ ഒരു ദശലക്ഷം ടിഇയു ശേഷിയാണ് വിഴിഞ്ഞത്തിനുള്ളത്. ഭാവിയില്‍ ഇത് 6.2 ടിഇയു വരെയായി വര്‍ദ്ധിക്കുമെന്നും വിഴിഞ്ഞം കോണ്‍ക്ലേവ് 2025 ആഗോള നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ധനമന്ത്രി പറഞ്ഞു.