
ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വ്ലാദിമർ പുടിന്‍
യുക്രൈയ്‌നുമായുള്ള യുദ്ധത്തില്‍ അണിചേര്‍ന്നുകൊണ്ട് ആയുധങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും രാജ്യം റഷ്യയെ ആക്രമിച്ചാല്‍ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വ്ലാദിമർ പുടിന്‍. ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ആക്രമണം നടത്താന്‍ അനുമതി നല്‍കണമെന്ന് യുക്രൈന്‍ അമേരിക്കയോട് അഭ്യര്‍ത്ഥിച്ച പശ്ചാത്തലത്തിലാണ് റഷ്യയുടെ മുന്നറിയിപ്പ്.
ആണവ പ്രതിരോധം സംബന്ധിച്ച റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു പുടിന്റെ പരാമര്‍ശം. സുരക്ഷാ കൗണ്‍സിലിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ രാജ്യത്തിന്റെ ആണവ നിലപാടിലെ മാറ്റങ്ങളും പുടിന്‍ പ്രഖ്യാപിച്ചു.
റഷ്യക്കെതിരായ മറ്റൊരു രാജ്യത്തിന്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഏതൊരു ആണവശക്തിയെയും ആക്രമണത്തില്‍ പങ്കാളിയായി കണക്കാക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈനിന് നേരിട്ടുള്ള കൂടുതല്‍ സൈനിക പിന്തുണ നല്‍കുന്നതില്‍ നിന്ന് പാശ്ചാത്യരാജ്യങ്ങളെ തടയാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പുടിന്‍ നേരത്തെയും ഭീഷണി ഉയര്‍ത്തിയിരുന്നു.
പുടിനെ തള്ളി സെലെന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ്
ന്യൂക്ലിയര്‍ ബ്ലാക്ക്മെയിലിങ് കൂടാതെ ലോകത്തെ ഭയപ്പെടുത്താന്‍ റഷ്യയ്ക്ക് ഇനി ഒരു ഉപകരണവുമില്ലെന്നും ഈ ഭീഷണി വിലപ്പോകില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമർ സെലെന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക്. റഷ്യയ്ക്കുള്ളിലെ പ്രദേശങ്ങളെ ലക്ഷ്യമിടാന്‍ ബ്രിട്ടീഷ് സ്റ്റോം ഷാഡോ മിസൈലുകളും യുഎസ് നിര്‍മ്മിത മിസൈലുകളും ഉപയോഗിക്കാന്‍ മാസങ്ങളായി യുക്രൈന്‍ അനുമതി തേടുകയാണ്.


