
ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം; 10 മരണം
കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. നുസ ടെങ്കാര പ്രവിശ്യയിലെ ഫ്ലോറസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോടോബി ലക്കി-ലാക്കി ആണ് പാതിരാത്രിയിൽ പൊട്ടിത്തെറിച്ചത്. ഇന്തോനേഷ്യൻ സെന്റർ ഫോർ വോൾക്കനോളജി ആന്റ് ജിയോളജിക്കൽ ഡിസാസ്റ്റർ മിറ്റിഗേഷൻ (പിവിജിഎം) ആണ് സ്ഫോടന വിവരം അറിയിച്ചത്.
അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ഗ്രാമങ്ങളിൽ വരെ ലാവയും പാറകളും പതിക്കുകയും ഗ്രാമവാസികളുടെ വീടുകൾക്ക് തീപിടിച്ചതായും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സ്ഫോടനം ഏഴ് ഗ്രാമങ്ങളെ ബാധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. അഗ്നിപർവ്വതത്തിൽ നിന്ന് ജ്വലിക്കുന്ന വസ്തുക്കൾ പുറത്തള്ളിയതാണ് തീപിടുത്തത്തിന് കാരണമായതെന്ന് പിവിജിഎം വ്യക്തമാക്കി. തീവ്ര അപകടസാധ്യത മുന്നറിയിപ്പ് നേരത്തെ തന്നെ അധികൃതർ നൽകിയിരുന്നു.
അഗ്നിപർവ്വതത്തിന്റെ ഏഴ് മീറ്റർ ചുറ്റളവിലുള്ള എല്ലാ സംവിധാനങ്ങളും ഒഴിപ്പിക്കണമെന്നും പറഞ്ഞു. വരുംദിവസങ്ങളിൽ വെള്ളപ്പൊക്കത്തിനും തണുത്ത ലാവ പ്രവഹത്തിനും സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യയുടെ ദുരന്തനിവാരണ ഏജൻസി മുന്നറിയിപ്പ് നൽകി. അടുത്ത 58 ദിവസത്തേക്ക് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് 10,000ത്തോളം പേരെ അഗ്നിപർവ്വത സ്ഫോടനം ബാധിച്ചിട്ടുണ്ട്.
ഫ്ലോറസ് ദ്വീപിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വത കൊടിമുടികളിലൊന്നായ മൗണ്ട് ലെവോടോബി ലക്കി-ലാക്കി കഴിഞ്ഞ ഡിസംബർ മാസം മുതൽ ചെറിയ രീതിയിലുളള പൊട്ടിത്തെറികൾ സംഭവിച്ചിരുന്നു, പർവ്വതം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലം പാലിക്കണമെന്ന് അധികൃതർ മുൻപ് തന്നെ മുന്നറിയിപ്പും നൽകിയിരുന്നു. ഒരു വർഷത്തോളം നീണ്ടു നിന്ന ഈ സ്ഫോടനപരമ്പര പ്രാദേശിക സമ്പദ് വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകൾക്കാണ് വീട് വിട്ടിറങ്ങി സ്കൂളുകളിലും മറ്റും അഭയം പ്രാപിക്കേണ്ടി വന്നത്. സ്ഫോടനത്തിൽ തങ്ങളുടെ വിളകൾ നഷ്ടപ്പെട്ടതായി കർഷകർ പറഞ്ഞു.
അഗ്നിപർവ്വതത്തിൽ നിന്ന് ലഭിക്കുന്ന ഫലഭൂയിഷ്ടമായ മണ്ണ് കൃഷിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതിനായി അപകടകരമായ സാഹചര്യങ്ങളെ പരിഗണിക്കാതെ നിരവധി ആളുകളാണ് പ്രദേശത്ത് ജീവിക്കുന്നത്.


