
ഇന്തോനേഷ്യയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഇന്തോനേഷ്യയിലെ കിഴക്കന്‍ നുസ തെങ്കാര പ്രവിശ്യയിലെ ലെവോടോബി ലാകി-ലാകി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. എട്ട് കിലോമീറ്റര്‍ വരെ ഉയരത്തില്‍ ചാരം എത്തി. ഇതേതുടര്‍ന്ന് ഒരു ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി ഓസ്‌ട്രേലിയയില്‍ നിന്നും ബാലിയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഓസ്‌ട്രേലിയക്കും ബാലിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേസിന്റെ ബജറ്റ് വിമാനക്കമ്പനിയായ ജെറ്റ്സ്റ്റാറും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ബാലിയിലെ വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെനിന്നുള്ള ഏഴ് അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയും ആഭ്യന്തര സര്‍വീസുകള്‍ വൈകുകയും ചെയ്യുന്നു.
മാര്‍ച്ച് 13 മുതല്‍ കിഴക്കന്‍ നുസ തെങ്കാര പ്രവിശ്യയില്‍ ഡസന്‍ കണക്കിന് ചെറിയ അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച്ച രാത്രിയില്‍ ഏറ്റവും വലിയ പൊട്ടിത്തെറി ഉണ്ടായത്.
ലെവോടോബി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് ആളുകളെ ഒഴിപ്പിച്ചു. ഈ ഒഴിപ്പിക്കല്‍ നടപടികളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. എത്ര പേരെ ഒഴിപ്പിച്ചുവെന്നത് വ്യക്തമല്ല.
കഴിഞ്ഞവര്‍ഷം ലെവോടോബി പൊട്ടിത്തെറിച്ചപ്പോള്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. സമീപ പ്രദേശത്തെ ഗ്രാമങ്ങളില്‍ ചൂടുള്ള പാറകള്‍ പതിക്കുകയും ലാവ ഒഴുകിയെത്തുകയും ചെയ്തിരുന്നു.
ഇന്തോനേഷ്യയില്‍ 130 സജീവ അഗ്നിപര്‍വതങ്ങള്‍ ഉണ്ട്. പസിഫിക് സമുദ്രത്തിലെ അഗ്നിവളയം എന്നറിയപ്പെടുന്ന പ്രദേശത്തിലാണ് ഈ രാജ്യവും ഉള്‍പ്പെടുന്നത്. ഭൂകമ്പ സാധ്യതയും ഇവിടെ കൂടുതലാണ്.