
വോട്ട് തട്ടിപ്പ്: ബാംഗ്ലൂരിലെ ഫ്രീഡം പാർക്കിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് തട്ടിപ്പിനെതിരെയുള്ള പ്രതിഷേധ റാലി ഇന്ന് ബാംഗ്ലൂരിൽ നടക്കും. ഫ്രീഡം പാർക്കിൽ നിന്ന് ചീഫ് ഇലക്ടറൽ ഓഫീസറിന്റെ കാര്യാലയത്തിലേക്ക് രാഹുൽ ഗാന്ധി മാർച്ച് നടത്തുകയും, പിന്നീട് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി സിഎം ഡി കെ ശിവകുമാർ തുടങ്ങി നിരവധി മന്ത്രിമാരും പ്രകടനത്തിൽ പങ്ക് ചേരും.
‘നമ്മുടെ വോട്ട്, നമ്മുടെ അവകാശം, നമ്മുടെ പോരാട്ടം’ എന്നാണ് പ്രതിഷേധ പരിപാടിക്ക് നൽകിയിരിക്കുന്ന പേര്. പ്രകടനത്തെ മുൻകണ്ട് എംജി റോഡ്,കബ്ബൺ പാർക്ക്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ പോലീസ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വോട്ടെടുപ്പ് പ്രക്രിയയിൽ കൃത്രിമം നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് തെളിവുകളുമായി കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത്. മഹാരാഷ്ട്രയിലും കർണാടകയിലും അട്ടിമറി നടന്നതായി രാഹുൽ ആരോപിച്ചു. ബിജെപിയുമായി ചേർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വോട്ട് മോഷണം എന്ന പ്രസന്റേഷൻ അവതരിപ്പിച്ച് കൊണ്ടാണ് രാഹുൽ വാർത്താസമ്മേളനം നടത്തിയത്.


