TMJ
searchnav-menu
post-thumbnail

വിഎസ് അച്യുതാനന്ദൻ | PHOTO: WIKI COMMONS

TMJ Daily

നൂറിന്റെ നിറവില്‍ വിഎസ്

20 Oct 2023   |   2 min Read
TMJ News Desk

മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാനന്ദന് 100-ാം പിറന്നാള്‍. ഇടതുപക്ഷത്തെ സമരവീര്യത്തിലൂടെയും ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളിലൂടെയും സജീവമാക്കി നിലനിര്‍ത്തിയ പോരാളിക്ക് സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. രാഷ്ട്രീയപ്രവര്‍ത്തനം വിഎസിനെ സംബന്ധിച്ച് പോരാട്ടമായിരുന്നു. എക്കാലത്തും ജനങ്ങള്‍ക്ക് വേണ്ടപ്പെട്ട നേതാവ്.

ആഴവും പരപ്പും സംഘര്‍ഷവും നിറഞ്ഞ ഒരു ജീവിതകാലത്തിന് നൂറു തികഞ്ഞിരിക്കുന്നു. ആഹാരത്തിന്റേയും, പാര്‍പ്പിടത്തിന്റെയും ഔപചാരിക വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ ഇത്രയും ദരിദ്ര പശ്ചാത്തലമുള്ള നേതാക്കള്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വിരളമാണ്. ബാല്യത്തില്‍ തന്നെ വളരെയധികം പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്താണ് അദ്ദേഹം മുന്നേറിയത്. ബാല്യത്തിന്റെ മധുര ഓര്‍മ്മകളോ യൗവ്വനത്തിന്റെ പുഷ്പിത ഓര്‍മ്മകളും ആദ്ദേഹത്തിന് വിരളമാണ്. സഖാവെ എന്ന വിളി കേട്ടാല്‍ മനസ്സും വയറും നിറയും എന്ന് പറഞ്ഞത് വിഎസ് തന്നെ. 48 വര്‍ഷത്തോളം സംഘടനാരംഗത്തും 35 വര്‍ഷത്തോളം പാര്‍ലമെന്ററി രംഗത്തും വിഎസ് പ്രവര്‍ത്തിച്ചു. 11 വര്‍ഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി 23 വര്‍ഷം പൊളിറ്റ് ബ്യൂറൊ അംഗം, 5 വര്‍ഷം ഭരണ മുന്നണി കണ്‍വീനര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിനൊപ്പം നടന്ന പോരാട്ട ജീവിതം. 

1923 ഒക്ടോബര്‍ 20 നാണ് അക്കമ്മയുടേയും ശങ്കരന്റേയും മകനായി ആലപ്പുഴയില്‍ വിഎസിന്റെ ജനനം. 4-ാം വയസ്സില്‍ അമ്മയേയും 11-ാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ട ജീവിതം ബാല്യകാലം മുതല്‍ തന്നെ കഠിനമായിരുന്നു. വളരെ കഷ്ടപ്പെട്ടു പഠിച്ച് വിഎസ് 7-ാം തരം കടന്നു. എന്നാല്‍ തുടര്‍ന്നു പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പിന്നീട് വിഎസിന്റെ ജീവിതം പൊതു പ്രവര്‍ത്തനമായി രൂപപ്പെടുകയായിരുന്നു. 17-ാം വയസ്സിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നത്. പിന്നീടിങ്ങോട്ട് ആലപ്പുഴയിലെ തൊഴിലാളികള്‍ക്കു വേണ്ടി തുടങ്ങിയ സമര ജീവിത ചരിത്രം. കൊടിയ മര്‍ദ്ദനമേറ്റ ജീവിതം. ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളിലെ മുന്നണിപ്പോരാളി. 7 തവണയാണ് നിയമസഭാ അംഗമായത്. മൂന്നു തവണ പ്രതിപക്ഷ നേതാവ്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസിന്റേത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ അഭിമാനമാണ് അദ്ദേഹം എന്നാണ് ആശംസകള്‍ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വിഎസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ദേയമായിരുന്നു എന്നും പിണറായി ഫേസ് ബുക്കില്‍ കുറിച്ചു. 

വിഎസിന്റെ എട്ടു പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രം കൂടിയാണെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. നിലപാടുകളിലെ കാര്‍ക്കശ്യമാണ് വിഎസിനെ വ്യത്യസ്തനാക്കിയത്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അര്‍പ്പണബോധവും ജനങ്ങളോടുള്ള ബന്ധവും രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്തെല്ലാം അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട് - ആശംസ അറിയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.


#Daily
Leave a comment