
വി എസ് ഗുരുതരാവസ്ഥയിൽ തുടരുന്നു
സമുന്നത സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയിൽ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വി എസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ആശുപത്രിയിലെത്തി വി എസിനെ സന്ദർശിച്ചതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം.
ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലാതായതോടെ വി എസിൻ്റെ ആരോഗ്യാവസ്ഥ ഗുരുതരാവസ്ഥയിൽ തുടരുന്നതിന് കാരണമായെന്ന് നേരത്തെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. വൃക്കകളുടെ പ്രവർത്തനവും, രക്തസമ്മർദ്ദവും സാധാരണ നിലയിലല്ല. സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


