Representational Image: Wiki Commons
യുക്രൈൻ നഗരമായ ബാഖ്മുത് ജൂൺ ഒന്നിന് റഷ്യക്ക് കൈമാറാൻ വാഗ്നർ ഗ്രൂപ്പ്
യുക്രൈന്റെ കിഴക്കൻ പട്ടണമായ ബാഖ്മുത് കനത്ത പോരാട്ടത്തിനൊടുവിൽ പിടിച്ചെടുത്തെന്ന് റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നർ ഗ്രൂപ്പ് വെളിപ്പെടുത്തി. ജൂൺ ഒന്നിന് റഷ്യൻ സേനയ്ക്ക് കൈമാറുമെന്നും അന്നുതന്നെ നഗരം വിടുമെന്നും ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോഷി വെളിപ്പെടുത്തി. ബാഖ്മുത് റഷ്യ പിടിച്ചടക്കിയിട്ടില്ലെന്നും പോരാട്ടം തുടരുകയാണെന്നും യുക്രൈൻ അവകാശപ്പെടുമ്പോഴാണ് ജൂൺ ഒന്നിന് നഗരം റഷ്യയ്ക്ക് കൈമാറുമെന്ന് വാഗ്നർ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
ബാഖ്മുത് നഗരം പിടിച്ചെടുത്തതിൽ വാഗ്‌നർ ഗ്രൂപ്പിനെയും റഷ്യൻ സൈന്യത്തെയും പ്രസിഡന്റ് പുടിൻ അഭിനന്ദിച്ചിരുന്നു. ബാഖ്മുതിൽ റഷ്യൻ പതാകയേന്തി നിൽക്കുന്ന യെവ്‌ഗെനി പ്രിഗോഷിയുടെ ചിത്രവും പുറത്തുവന്നു. മെയ് 25 മുതൽ ജൂൺ ഒന്നുവരെയുള്ള ദിവസങ്ങളിൽ വാഗ്നർ ആർട്ടെമൊവ്‌സ്‌ക് വിടും. ആവശ്യമെങ്കിൽ വാഗ്നർ ഗ്രൂപ്പിലെ ചില സൈനികർ ഇവിടെ തുടരും. ആയിരക്കണക്കിന് കമാൻഡർമാർ തങ്ങളോടൊപ്പം ഉണ്ടെന്നും പ്രിഗോഷി അവകാശപ്പെട്ടു. സോവിയറ്റ് യൂണിയന്റെ ഭരണകാലത്ത് നഗരത്തിന്റെ പേരായിരുന്നു ആർട്ടെമൊവ്‌സ്‌ക്. പിന്നീട് യുക്രൈൻ ബാഖ്മുത് എന്ന് പേരു മാറ്റുകയായിരുന്നു.
നിർണായകം, ബാഖ്മുത്
യുക്രൈനിലെ വ്യവസായ ഹൃദയഭൂമിയായ ഡോൺബോസ് എന്നറിയപ്പെടുന്ന ഡോൺടെസ്‌ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ബാഖ്മുത്, പ്രധാന ജിപ്‌സം ഖനന മേഖലയാണ്. കൂടാതെ ഉപ്പ്, വൈൻ നിർമ്മാണത്തിനും പ്രശസ്തമാണ്. 2022 ലെ റഷ്യൻ അധിനിവേശം പ്രദേശത്തെ ജനങ്ങൾക്ക് ആദ്യ അനുഭവം ആയിരുന്നില്ല. 2014 ൽ റഷ്യ ക്രിമിയ പിടിച്ചെടുത്തതിന് പിന്നാലെ, റഷ്യയുടെ പിന്തുണയോടെ വിമതർ ബാഖ്മുത് പിടിച്ചെടുത്തിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ യുക്രൈൻ സൈന്യം നഗരം തിരിച്ചുപിടിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരി 24 ന് റഷ്യ യുക്രൈനിൽ അധിനിവേശം നടത്തിയത് മുതൽ ഏറ്റവും രക്തരൂക്ഷിത പോരാട്ടം നടന്ന മേഖലയാണ് ബാഖ്മുത്. ഏകദേശം 70,000 ത്തോളം ജനസംഖ്യയുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോൾ ആരും തന്നെയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. യുക്രൈനിലെ തന്ത്രപ്രധാന മേഖലയായ ബാഖ്മുത് പിടിച്ചെടുത്താൽ, റഷ്യയ്ക്ക് കൂടുതൽ സൗകര്യപ്രദമായി യുക്രൈന്റെ മറ്റു മേഖലകളിലേക്ക് പ്രവേശിക്കാം. അതിനാൽ ഇവിടെ വൻ ചെറുത്തുനിൽപ്പാണ് യുക്രൈൻ സൈന്യം നടത്തിവന്നത്. നഗരത്തിന്റെ മൂന്നു അതിർത്തികളിൽ നിന്നും വാഗ്‌നർ ഗ്രൂപ്പും റഷ്യൻ സൈന്യം ആക്രമണം നടത്തുകയായിരുന്നു.
ബാഖ്മുതിൽ നിന്ന് യുക്രൈൻ സൈന്യം പിൻവാങ്ങിയെങ്കിലും റഷ്യൻ സൈന്യത്തിന്റെ നീക്കത്തെ ചെറുത്തു നിൽക്കാൻ നഗരത്തിന് കിഴക്ക് ഭാഗത്തായി യുക്രൈൻ സൈന്യം ഇതിനകം പ്രതിരോധ നിരകൾ ശക്തിപ്പെടുത്തിയെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സമീപ പട്ടണമായ ചാസിവ് യാർ റഷ്യൻ സൈന്യത്തിനെതിരെയുള്ള അടുത്ത കോട്ടയായി മാറിയേക്കാം. പടിഞ്ഞാറൻ നഗരങ്ങളായ ക്രാമാറ്റോർസ്‌ക്, സ്ലോവിയൻസ്‌ക് എന്നിവയാണ് ഡൊനെറ്റ്‌സ്‌കിലെ യുക്രേനിയൻ ശക്തികേന്ദ്രങ്ങൾ.
റഷ്യയുടെ സ്വകാര്യ സേന വാഗ്‌നർ ഗ്രൂപ്പ്
ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലുകൾ അനുസരിച്ച്, റഷ്യൻ അർദ്ധസൈനിക സംഘം യുക്രൈനിൽ 50,000 പോരാളികളെ റഷ്യൻ സൈനികരോടൊപ്പം വിന്യസിച്ചിട്ടുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും റഷ്യൻ ജയിലുകളിൽനിന്നുള്ളവരാണെന്ന് കരുതപ്പെടുന്നു. റഷ്യൻ ആക്രമണത്തിൽ കൂലിപ്പടയാളി സംഘം ഇതുവരെ വ്യാപകമായ പങ്കുവഹിച്ചിട്ടില്ലെങ്കിലും, ബഖ്മുത്തിൽ നിന്ന് ഒമ്പത് മൈൽ വടക്കുള്ള സോളേദാർ എന്ന ഉപ്പ് ഖനന നഗരം അടുത്തിടെ പിടിച്ചടക്കിയെന്ന ക്രെഡിറ്റ് കൂലിപ്പടയാളി സംഘത്തിനുള്ളതാണ്.
റഷ്യൻ പ്രസിഡന്റിന്റെ സ്വകാര്യ സൈന്യമെന്നാണ് വാഗ്‌നർ സംഘത്തെ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. സായുധ സംഘടനയായ വാഗ്‌നർ ഗ്രൂപ്പ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. എന്നാൽ യുക്രൈൻ യുദ്ധത്തിൽ ഇവരുടെ സജീവ സാന്നിധ്യമുണ്ട്. സിറിയയിൽ നിന്നും ലിബിയയിൽ നിന്നും നൂറുകണക്കിനു കൂലിപ്പടയാളികളെ ഇവർ യുക്രൈയ്‌നിലെത്തിച്ചെന്നാണു വിവരം. യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലൻസ്‌കിയെ വധിക്കാനായി ചുമതലപ്പെടുത്തി വാഗ്‌നർ ഗ്രൂപ്പിലെ 400 ഓളം പോരാളികളെയാണ് റഷ്യ കീവിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടുകൾ. 2014 ലാണ് വാഗ്‌നർ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനിക സുരക്ഷാ ഗ്രൂപ്പ് രൂപീകൃതമാവുന്നത്. 2017 ലെ ബ്ലൂംബർഗിന്റെ റിപ്പോർട്ട് പ്രകാരം 6000 പോരാളികൾ വാഗ്‌നർ ഗ്രൂപ്പിലുണ്ട്. സ്വകാര്യ കമ്പനിയാണെങ്കിലും റഷ്യൻ സർക്കാരുമായി ഗ്രൂപ്പിന് അടുത്ത ബന്ധമാണുള്ളത്. ബാഖ്മുതിലെ തുടർച്ചയായുള്ള ആക്രമണങ്ങളിൽ കുറഞ്ഞത് 4,000 വാഗ്‌നർ കൂലിപ്പടയാളികൾ കൊല്ലപ്പെടുകയും 10,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ കണക്കാക്കുന്നു.
വാഗ്‌നർ സേന യുക്രൈനിൽ തന്നെ തുടരുമോ അതോ റഷ്യയിലേക്ക് മടങ്ങി പോകുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. നേരത്തെ, റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്തുവും സൈനിക മേധാവി വലേരി ഗ്രസിമോവും രംഗത്തെത്തിയിരുന്നു. വാഗ്‌നർ ഗ്രൂപ്പിന്റെ അച്ചടക്കമില്ലാത്ത പ്രവർത്തനങ്ങൾ കാരണമാണ് റഷ്യൻ സേനയ്ക്ക് യുക്രൈനിൽ കനത്ത നാശനഷ്ടമുണ്ടാകുന്നത് എന്നായിരുന്നു വിമർശനം. ഇതേത്തുടർന്ന് പുടിൻ വാഗ്‌നറിനെ പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുക്രൈനിലെ മറ്റു നഗരങ്ങളിലും വാഗ്‌നർ ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ഇവരെ തിരികെ വിളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുദ്ധത്തിന്റെ തുടക്കം മുതൽ ബാഖ്മുത് കേന്ദ്രീകരിച്ചായിരുന്നു വാഗ്‌നറിന്റെ പ്രവർത്തനങ്ങൾ.