ഭരണകൂടത്തിനെതിരെ തിരിഞ്ഞ് വാഗ്നർ ഗ്രൂപ്പ്; മുന്നറിയിപ്പ് നല്കി റഷ്യ
റഷ്യൻ ഭരണകൂടത്തിന് തിരിച്ചടിയായി രാജ്യത്തെ സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പ്. പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ കൂലിപ്പട്ടാളമായി അറിയപ്പെട്ടിരുന്ന വാഗ്നർ ഗ്രൂപ്പ് റഷ്യൻ നേതൃത്വത്തിനെതിരെ തിരിഞ്ഞത് ആശങ്കയോടെയാണ് ഭരണകൂടം കാണുന്നത്. റഷ്യൻ സേനയ്‌ക്കെതിരെ തിരിച്ചടിക്കുമെന്ന് ഗ്രൂപ്പ് മേധാവി യെവ്ഗനി പ്രിഗോസിൻ വെല്ലുവിളിച്ചിരിക്കുകയാണ്. അതിനായി തന്റെ ഗ്രൂപ്പിൽ 25,000 അംഗങ്ങളുണ്ടെന്നും പ്രിഗോസിൻ പറഞ്ഞു.
ഭീഷണി മുഴക്കി വാഗ്നർ ഗ്രൂപ്പ്
ദക്ഷിണ റഷ്യയിലെ റൊസ്‌തോവ്-ഓൺ-ഡോണിലെ സൈനീക കേന്ദ്രങ്ങൾ തന്റെ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നാണ് പ്രിഗോസിൻ വീഡിയോയിലൂടെ അവകാശപ്പെട്ടത്. യുക്രൈനിൽ നിന്ന് റഷ്യയിലേക്ക് കടന്നെന്നും മരിക്കാൻ തയാറായാണ് ആയിരക്കണക്കിനു പോരാളികൾ എത്തിയിരിക്കുന്നതെന്നും പ്രിഗോസിൻ അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഏഴരയ്ക്ക് സൈനീക ആസ്ഥാനത്ത് പ്രവേശിച്ചുവെന്നാണ് ടെലഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. വാഗ്നർ ഗ്രൂപ്പ് എത്തുന്നതറിഞ്ഞ് റഷ്യയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ജെറാസിമോവ് ഓടി രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വ്യോമതാവളം ഉൾപ്പെടെ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രിഗോസിൻ അവകാശപ്പെടുന്നു. യുക്രൈൻ ആക്രമണത്തിനായി വിമാനങ്ങൾ പതിവുപോലെ പറക്കുന്നുണ്ടെന്നും പ്രിഗോസിൻ പറഞ്ഞു.
റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലൂടെ അധികൃതർ നല്കുന്ന വിവരങ്ങൾ വിശ്വസിക്കരുതെന്നും റഷ്യൻ പൗരൻമാരോട് പ്രിഗോസിൻ ആവശ്യപ്പെട്ടു. യുദ്ധം റഷ്യക്ക് തിരിച്ചടിയാണെന്നും അധികൃതർ പറയുന്നതിനേക്കാൾ നാല് മടങ്ങ് റഷ്യൻ സൈനീകർ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സായുധരായ ആളുകൾ റോസ്‌തോവിലെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങളും നഗരമധ്യത്തിൽ വിന്യസിച്ചിരിക്കുന്ന ടാങ്കുകളും പിടിച്ചെടുക്കുന്ന ചിത്രങ്ങൾ റഷ്യൻ സർക്കാരിന്റെ വാർത്താ ഏജൻസിയിലും ഓൺലൈനിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ആയുധധാരികൾ ആരെന്നുള്ളതിൽ വ്യക്തത വന്നിട്ടില്ല. പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ശനിയാഴ്ച ടെലിവിഷനിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചിരുന്നതായി ക്രെമിലിൻ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യൻ വാർത്താ ഏജൻസികളോട് പറഞ്ഞു.
പ്രിഗോസിനെതിരെ റഷ്യയുടെ സുരക്ഷാ സംഘടനയായ എഫ്എസ്ബി കേസ് രജിസ്റ്റർ ചെയ്തു. പ്രിഗോസിന്റെ തീരുമാനങ്ങൾ അംഗീകരിക്കരുതെന്നും ഉത്തരവുകൾ പാലിക്കരുതെന്നുമുള്ള മുന്നറിയിപ്പുകൾ വാഗ്നർ ഗ്രൂപ്പിന് നല്കിയിട്ടുണ്ട്. സൈനീക കലാപത്തിനുള്ള സാധ്യത മുന്നിൽ കണ്ട് റഷ്യയുടെ പലഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഗ്നർ ഗ്രൂപ്പിന്റെ നീക്കങ്ങൾ പുടിൻ സസൂക്ഷ്മം നിരീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ പുടിൻ റിപ്പോർട്ട് തേടുന്നുണ്ട്. എന്നാൽ ഉടനെയൊരു ആക്രമണം വാഗ്നർ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് നിഗമനത്തിലാണ് റഷ്യൻ മിലിട്ടറി. തലസ്ഥാനത്തും സർക്കാർ കെട്ടിടങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും പൊലീസിന് ജാഗ്രത നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ചേരി തിരിഞ്ഞ് ആക്രമണം
വാഗ്നർ ഗ്രൂപ്പിലെ സായുധസംഘത്തിനെതിരെ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തിയെന്നുള്ള ആരോപണമുന്നയിച്ചാണ് പ്രിഗോസിൻ റഷ്യൻ ഭരണകൂടത്തിനെതിരെ തിരിയുന്നത്. നീക്കത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രിഗോസിൻ തിരിച്ചടിക്കുമെന്നുള്ള പ്രതിജ്ഞയും എടുത്തിരുന്നു. ഇതിനായി തങ്ങളുടെ സായുധ സംഘത്തിനൊപ്പം ചേരാനും രാജ്യത്തെ സൈനീക നേതൃത്വത്തെ ശിക്ഷിക്കാനും ജനങ്ങളോട് പ്രിഗോസിൻ ആവശ്യപ്പെട്ടു. എന്നാൽ റഷ്യൻ സൈന്യം ആക്രമണം നടത്തിയെന്ന പ്രിഗോസിന്റെ വാദം പ്രതിരോധ മന്ത്രാലയം നിഷേധിച്ചിരിക്കുകയാണ്.
റഷ്യയുടെ സ്വകാര്യ സേന; വാഗ്നർ ഗ്രൂപ്പ്
റഷ്യൻ പ്രസിഡന്റിന്റെ സ്വകാര്യ സൈന്യമെന്നാണ് വാഗ്നർ സംഘത്തെ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. എന്നാൽ യുക്രൈൻ യുദ്ധത്തിൽ ഇവരുടെ സജീവ സാന്നിധ്യമുണ്ട്. 2014-ൽ റഷ്യയുടെ ക്രൈമിയ അധിനിവേശ ദൗത്യത്തോടൊപ്പമാണ് വാഗ്നർ ഗ്രൂപ്പിന്റെ ജനനമെന്ന് കരുതപ്പെടുന്നു. സിറിയയിൽ നിന്നും ലിബിയയിൽ നിന്നും നൂറുകണക്കിനു കൂലിപ്പടയാളികളെ ഇവർ യുക്രൈയ്നിലെത്തിച്ചെന്നാണു വിവരം. യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലൻസ്‌കിയെ വധിക്കാനായി ചുമതലപ്പെടുത്തി വാഗ്നർ ഗ്രൂപ്പിലെ 400 ഓളം പോരാളികളെയാണ് റഷ്യ കീവിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടുകൾ. 2017 ലെ ബ്ലൂംബർഗിന്റെ റിപ്പോർട്ട് പ്രകാരം 6000 പോരാളികൾ വാഗ്നർ ഗ്രൂപ്പിലുണ്ട്. സ്വകാര്യ കമ്പനിയാണെങ്കിലും റഷ്യൻ സർക്കാരുമായി ഗ്രൂപ്പിന് അടുത്ത ബന്ധമാണുള്ളത്.
ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലുകൾ അനുസരിച്ച്, റഷ്യൻ അർദ്ധസൈനിക സംഘം യുക്രൈനിൽ 50,000 പോരാളികളെ റഷ്യൻ സൈനികരോടൊപ്പം വിന്യസിച്ചിട്ടുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും റഷ്യൻ ജയിലുകളിൽനിന്നുള്ളവരാണെന്ന് കരുതപ്പെടുന്നു. റഷ്യൻ ആക്രമണത്തിൽ കൂലിപ്പടയാളി സംഘം ഇതുവരെ വ്യാപകമായ പങ്കുവഹിച്ചിട്ടില്ലെങ്കിലും, ബഖ്മുത്തിൽ നിന്ന് ഒമ്പത് മൈൽ വടക്കുള്ള സോളേദാർ എന്ന ഉപ്പ് ഖനന നഗരം അടുത്തിടെ പിടിച്ചടക്കിയെന്ന ക്രെഡിറ്റ് കൂലിപ്പടയാളി സംഘത്തിനുള്ളതാണ്.
റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്തുവും സൈനിക മേധാവി വലേരി ഗ്രസിമോവും ഗ്രൂപ്പിനെതിരെ രംഗത്തെത്തിയിരുന്നു. വാഗ്നർ ഗ്രൂപ്പിന്റെ അച്ചടക്കമില്ലാത്ത പ്രവർത്തനങ്ങൾ കാരണമാണ് റഷ്യൻ സേനയ്ക്ക് യുക്രൈനിൽ കനത്ത നാശനഷ്ടമുണ്ടാകുന്നത് എന്നായിരുന്നു വിമർശനം. ഇതേത്തുടർന്ന് പുടിൻ വാഗ്നറിനെ പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നു. ഇതിനു പിന്നാലെയാണ് റഷ്യൻ ഭരണകൂടത്തിനെതിരെ വാഗ്നർ ഗ്രൂപ്പ് തിരിയുന്നത്.