
വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേര്‍ത്ത് സിബിഐ
ഏറെ വിവാദമായ വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളേയും പ്രതി ചേര്‍ത്ത് കേസ് അന്വേഷിച്ച സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് കൊച്ചി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടേയും മരണത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തി. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവയില്‍ എല്ലാം സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ അനുസരിച്ചും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം, ബലാല്‍സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അത് മറച്ചുവച്ചു എന്നീ കുറ്റങ്ങള്‍ ഇരുവര്‍ക്കുമെതിരെ സിബിഐ ചുമത്തി. കുട്ടികള്‍ പലതവണ ചൂഷണത്തിന് ഇരയായിയെന്ന് മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്ന് സിബിഐ കണ്ടെത്തി.
2017 ജനുവരി 12, മാര്‍ച്ച് നാല് തീയതികളിലാണ് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 13, 9 വയസ്സായിരുന്നു ഇവരുടെ പ്രായം. ഇവരുടെ മരണം ആത്മഹത്യയാണെന്ന് സിബിഐ നേരത്തെ കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി തുടരന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.